വ്രതം ഇന്ത്യയുടെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുന്നു: മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശൂര്‍: ബഹുസ്വരതയാണ് ഇന്ത്യയുടെ പാരമ്പര്യം. വിവധ മതവിഭാഗങ്ങള്‍ക്കിടയിലുളള സ്‌നേഹമാണ് എല്ലാവരേയും ഒരുമിപ്പിക്കുന്നത്. റംസാന്‍ വ്രതം ഈ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഏറെ സഹായകരമാണ് എന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോകത്ത് നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐസ് പോലുളള തീവ്രവാദ-ഭീകരവാദ സംഘടനകളെ എതിര്‍ക്കുന്നതിനേക്കാള്‍ ഇസ്‌ലാമിനെ തേജോവധം ചെയ്യനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സമാധാനമാണെന്നും അദ്ദേഹം പറഞ്ഞു. റംസാന്‍ കാമ്പയിന്റെ ഭാഗമായി ബദര്‍ ഇന്നും പ്രസക്തമാണ് എന്ന വിഷയത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിയ സെമിനാറിന്റെ സംസ്ഥാന തല ഉല്‍ഘാടനെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണമ്പിളളി മുഹമ്മദ് ഫൈസി മോഡറേറ്ററായി. ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടേയും കീഴാള വര്‍ഗത്തിന്റെയും നേരെ നടക്കുന്ന ആഢ്യ ആക്രമങ്ങള്‍ക്കതിരേയും സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരേയുമാണ് ആശയ പോരാട്ടങ്ങള്‍ നടക്കേണ്ടത്. ബദര്‍ അറേബ്യന്‍ സാമ്രാജ്യത്വത്തിന്റെ നിലപാടുകള്‍ക്കെതിരെയുളള അനിവാര്യ സമരമായിരുന്നു. വര്‍ത്തമാന കാലത്ത് ഇസ്‌ലാമോഫീബിയ പടരുമ്പോള്‍ യഥാര്‍ത്ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയാണ് ഏറ്റവും വലിയ ജിഹാദ് എന്ന് അദ്ദേഹം പറഞ്ഞു.
എസ് എം കെ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍(SKSSF THRISSUR) എന്‍ ഷംസുദ്ദീന്‍ എം. എല്‍. എ ലോഞ്ച് ചെയ്തു. ഗിന്നസ് റെക്കോര്‍ഡ് നേടിയ സത്താര്‍ ആദൂരിന് ജില്ലാ കമ്മിറ്റി നല്‍കിയ ഉപഹാരം ഓണമ്പിളളി മുഹമ്മദ് ഫൈസി ബഷീര്‍ ഫൈസി ദേശമംഗലം ചേര്‍ന്ന് സമ്മാനിച്ചു. കാപ്പാട് ഹസനി കോളേജില്‍ ഈ വര്‍ഷം മുത്വവ്വല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഫൈസല്‍ കെ വൈ മൂള്ളൂര്‍ക്കരക്കുളള പുരസ്‌കാരം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ സമ്മാനിച്ചു. കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് സ്വാലിഹ് കെ എം, അബ്ദുറഹീം വെട്ടിക്കാട്ടിരി എന്നിവര്‍ക്കുളള പുരസ്‌കാരം എസ് എം കെ തങ്ങള്‍ നല്‍കി. തേറമ്പില്‍ രാമകൃഷ്ണന്‍, കെ എസ് ഹംസ, ഹുസൈന്‍ ദാരിമി അകലാട്, അബുഹാജി ആറ്റൂര്‍, സിദ്ധീഖ് ബദ്‌രി, ഷെഹീര്‍ ദേശമംഗലം സെയ്തു മുഹമ്മദ് ഹാജി, സി എച്ച് റഷീദ്, ഹംസ ലേകഷോര്‍, നാസര്‍ ഫൈസി തിരുവത്ര, ഇബ്രാഹിം ഫൈസി പഴുന്നാന, മെഹ്‌റൂഫ് വാഫി, അഡ്വ ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur