ഹാദിയ റമദാന്‍ പ്രഭാഷണത്തിനു ഉജ്ജ്വല സമാപ്തി
തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിച്ച മൂന്നാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപ്തി. അഞ്ച് ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പരയില്‍ വിവിധ വിഷയങ്ങില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസ സമുദ്ധാരണമാണ് നിദാനമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. അറിവും വായനയും ശീലമാക്കുകയും അതുവഴി ക്രിയാത്മക ചിന്തകള്‍ക്കും വിജ്ഞാനകൈമാറ്റത്തിനും തയ്യാറാവുന്ന സമൂഹമാണ് പുതിയ കാലം തേടികൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കേരളേതര സംസ്ഥാനങ്ങളില്‍ മത-സാമൂഹിക ജാഗരണത്തിന് വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്നും ദാറുല്‍ഹുദായുടെ കീഴില്‍ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് സമൂഹം പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമാപന ദുആക്ക് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമല്ലുല്ലൈല്‍ നേതൃത്വം നല്‍കി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, കെ.പി ശരീഫ് കൊല്‍കത്ത, യു. ശാഫി ഹാജി ചെമ്മാട്, ഡോ.യു.വി.കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, ബാവ പാലത്തിങ്ങല്‍, കബീര്‍ കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University