അന്യസംസ്ഥാനങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കി ഇത്തവണയും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍


തിരൂരങ്ങാടി: കേരളേതര സംസ്ഥാനങ്ങളിലെ സാമൂഹികമായും മതപരമായും ഏറെ പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കാന്‍ ഇത്തവണയും റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റി വിദ്യാര്‍ത്ഥികള്‍.
ദാറുല്‍ഹുദായിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ഇസ്‌ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിനു കീഴില്‍ വെസ്റ്റ് ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖഢ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ പത്തിലധികം സംസ്ഥാനങ്ങളിലാണ് വിവിധ പള്ളികളും പാഠശാലകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ക്കായി മത പഠനക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്. 1996 ലാണ് ദാറുല്‍ഹുദാ ആദ്യമായി റമദാനില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചുതുടങ്ങിയത്.
വാഴ്‌സിറ്റിയിലെ ഡിഗ്രിയിലെയും പിജിയിലെയും അറുപതിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ റമദാനില്‍ വിജ്ഞാന പ്രസരണത്തിനും സാംസ്‌കാരിക കൈമാറ്റത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘങ്ങളായി യാത്ര തിരിച്ചത്. കഴിഞ്ഞ 8 ന് ബുധനാഴ്ചയാണ് നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങള്‍ യാത്ര പുറപ്പെട്ടത്. ഏറെ പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളില്‍ വീടുകളും മതപാഠ ശാലകളും കേന്ദ്രീകരിച്ചു ആവശ്യമായ മതപഠന പരിശീലന പരിപാടികളും ഗൈഡന്‍സ് ക്ലാസുകളുമാണ് വിദ്യാര്‍ത്ഥകള്‍ക്കു കീഴല്‍ നടത്തപ്പെടുന്നത്.
കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തികുന്ന ഉര്‍ദു മീഡിയത്തിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനും കര്‍ണ്ണാടക, സീമാന്ധ്ര, ആസാം, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുദാ കാമ്പസുകളുടെ പ്രചരണത്തിനും വിദ്യാര്‍ത്ഥികള്‍ പര്യടനത്തിനടയില്‍ സമയം കണ്ടെത്തും. കേരളത്തിലെ മതകീയാന്തരീക്ഷവും വിദ്യാഭ്യാസ മുന്നേറ്റങ്ങളും ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും അവിടങ്ങളിലെ പിന്നാക്കാവസ്ഥയെ നേരിട്ട് മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു.
ഫോട്ടോ: ഗുജറാത്തിലെ ഗാന്ധിനഗറിലെ പ്രാദേശികരോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്ത്ഥികള്‍
- Darul Huda Islamic University