ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന കാഴ്ചയില്ലാത്തവരുടെ സംഗമം ശ്രദ്ധേയമായി

തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന സമിതി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ കാഴ്ചയില്ലാത്തവരുമായുള്ള ചര്‍ച്ചാവേദി ശ്രദ്ധേയമായി. സമസ്തകേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്രസാ പാഠപുസ്തകങ്ങളും ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും അറബി ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ബ്രൈലി പ്രസ്സ് സ്ഥാപിക്കുക, അന്ധര്‍, ബധിരര്‍, മൂകര്‍ തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കായി മത ഭൗതിക സമന്വയ വിദ്യാഭ്യാസം നല്‍കുന്നതിന് സ്ഥാപനം തുടങ്ങുക, ഇപ്പോള്‍ അന്ധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സമസ്തയുടെ ഉന്നത മത കലാലയങ്ങളില്‍ തുടര്‍പഠനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുക, ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിന് സമസ്തയുടെ കീഴ്ഘടകങ്ങളുടെ സഹകരണത്തോടെ സമഗ്രമായ സര്‍വ്വേ നടത്തുക, അന്ധര്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഇസ്‌ലാമിക പാഠങ്ങള്‍ വോയ്‌സ് മെസേജ് ചെയ്യുക തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുകയുണ്ടായി.
സംഗമം ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഇബാദ് പ്ലാനിംഗ് സെല്‍ മെമ്പര്‍ ഷരീഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വര്‍ക്കിംഗ് സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട്, മാനേജര്‍ ഡോ. യു.വി.കെ മുഹമ്മദ്, അഹമ്മദുണ്ണി കാളാച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. അന്ധരെ പ്രതിനിധീകരിച്ച് അലവിക്കുട്ടി ഹാജി എക്കാപ്പറമ്പ്, ഫൈസല്‍ കിഴിശ്ശേരി, കെ.എഫ്.ബി. ടീച്ചേഴ്‌സ് ഫോറം മുന്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂസ മാസ്റ്റര്‍, നല്ലണം മഹല്ല് പ്രസിഡണ്ട് മുസ്തഫാ മാസ്റ്റര്‍, അസ്സബാഹ് സൊസൈറ്റി ഫോര്‍ ദബ്ലൈന്റ് പ്രസിഡണ്ട് അബ്ദുല്‍ കരീം മാസ്റ്റര്‍, ഷരീഫ് മാസ്റ്റര്‍ കടന്നമണ്ണ, ഉമര്‍ മുസ്‌ല്യാര്‍ ചെമ്മല, ബഷീര്‍ മാസ്റ്റര്‍ താമരശ്ശേരി, മുഹമ്മദ് ഷഹീര്‍ തവനൂര്‍, മുഹമ്മദ്കുട്ടി പറപ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. അലവിക്കുട്ടി ഹാജി, ഫൈസല്‍ കിഴിശ്ശേരി, ഉമര്‍ മുസ്ല്യാര്‍ ചമ്മല, പി.കെ. മൂസമാസ്റ്റര്‍, ഷരീഫ് കടന്നമണ്ണ, മുസ്തഫ മാസ്റ്റര്‍, ഷരീഫ് പൊന്നാനി, അഹമ്മദുണ്ണി കാളാച്ചാല്‍, റഫീഖ് ചെന്നൈ, ഷറഫുദ്ധീന്‍ മമ്പാട് എന്നിവരാണ് അഡ്‌ഹോക് കമ്മറ്റി അംഗങ്ങള്‍.
- Darul Huda Islamic University