ഹാജിമാരുടെ ആദ്യ സംഘം വ്യാഴാഴ്ച മക്കയിലേക്ക് തിരിക്കും


മദീന: ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഏട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രവാചക നഗരിയോട് വിടപറയും. ബുധനാഴ്ച എത്തിയ 2525 പേരടങ്ങുന്ന ആദ്യ സംഘമാണ് മുത്തവ്വിഫ് ഗ്രൂപ്പുകള്‍ സജ്ജമാക്കിയ പ്രത്യേക ബസ്സില്‍ മക്കയിലേക്ക് തിരിക്കുക. ആദ്യ സംഘം ഹാജിമാര്‍ക്ക് മക്കയില്‍ ഹറം പരിസരത്താണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച ശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ബുധനാഴ്ച മുതല്‍ അഞ്ചു ദിവസങ്ങളായി വിവിധ വിമാനങ്ങളില്‍ 15605 ഹാജിമാര്‍ പുണ്യനഗരിയിലെത്തിയിട്ടുണ്ട്.
മസ്ജിദുന്നബവിയിലെ അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയം മദീനയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലാണ്. മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലത്തൈന്‍, ഉഹദ് ശുഹദാക്കളുടെ ഖബര്‍, ഉഹദ്, ഹന്ദഖ് യുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹാജിമാര്‍ സന്ദര്‍ശനം നടത്തി. മദീനയില്‍ ചൂട് കാലാവസ്ഥയായതിനാല്‍ പലരും സുബ്ഹി നിസ്‌കാരത്തിനുശേഷമാണ് ചെറു വണ്ടികളിലായി സന്ദര്‍ശനം നടത്തുന്നത്. ഇത്തവണ ഭക്ഷണ കാര്യത്തില്‍ ഹജ്ജ് മിഷന്‍ സൗകര്യമേര്‍പ്പെടുത്തിയതുകൊണ്ട് ഇബാദത്തുകള്‍ക്കും സിയാറത്തിനും കൂടുതല്‍ സമയം കിട്ടുമെന്നുള്ളത് ഹാജിമാര്‍ക്ക് വളരെ അനുഗ്രഹമാണ്.