കാസര്‍കോട്: ഈ വര്‍ഷം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാന്‍ അനുവാദം ലഭിക്കുകയും ഗ്രീന്‍ കാറ്റഗറി താമസസൗകര്യത്തിന് അപേക്ഷ നല്‍കുകയും ചെയ്ത മുഴുവന്‍ ഹജ്ജാജ്മാര്‍ക്കും പ്രസ്തുത താമസസൗകര്യം ലഭ്യമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ കേന്ദ്രഹജ്ജ് വകുപ്പിന്റെ ചുമതല വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, കേന്ദ്രഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഹജ്ജിന് അപേക്ഷിച്ചവരില്‍ നിന്ന് 58,000 പേര്‍ ഏറ്റവും ചെലവു കൂടിയ ഗ്രീന്‍ കാറ്റഗറിക്കും 12,500 പേര്‍ വൈറ്റ് കാറ്റഗറിക്കും 1,25,000 പേര്‍ അസീസിയ കാറ്റഗറിക്കുമാണ് അപേക്ഷ നല്‍കിയത്. ഇതില്‍ ഗ്രീന്‍ കാറ്റഗറിക്ക് അപേക്ഷ നല്കിയവരില്‍ നിന്ന് 10,000 പേര്‍ക്ക് ഇതുവരെ അപേക്ഷിച്ച കാറ്റഗറി സൗകര്യം ഒരുക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. ഇപ്പോള്‍ 58,000 പേരില്‍ നിന്ന് നറുക്കെടുപ്പില്‍കൂടി ഗ്രീന്‍ കാറ്റഗറിക്കുളള 48,000 പേരെ തെരെഞ്ഞടുക്കാമെന്നുളള ബന്ധപ്പെട്ടവരുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്.
കാരണം ഹറമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റുഭാഗത്തുളള ഈ താമസക്കാര്‍ക്ക് ദിവസം അഞ്ച് നേരത്തെ നിസ്‌കാരവും മക്കയില്‍ വെച്ച് നിര്‍ഹവിക്കാന്‍ സാധിക്കുമെന്നതാണ് ഈ കാറ്റഗറിയുടെ പ്രത്യേകത. ഇതിന് അപേക്ഷ നല്‍കിയവരില്‍ എഴുപത് വയസ്സ് കഴിഞ്ഞവരും ഉണ്ട്. അവര്‍ക്ക് മറ്റ് കാറ്റഗറിയിലേക്ക് മാറിക്കഴിഞ്ഞാല്‍ യാത്രാപ്രശ്‌നം ഉണ്ടാകും. ഇത് കണക്കിലെടുത്ത് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ഫാക്‌സ് സന്ദേശത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.