കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ത്രൈമാസ ആദര്‍ശ കാന്പയിന്‍ സംഘടിപ്പിക്കുന്നു.

കുവൈത്ത് സിറ്റി : നവോത്ഥാന പ്രക്രിയക്ക് സുസജ്ജമായ നവ തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന മഹിത ലക്ഷ്യവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഏപ്രിലില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന മജ്‍‍ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ഡെലിഗേറ്റ്സ് മീറ്റിനോടനുബന്ധമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ത്രൈമാസ ആദര്‍ശ കാന്പയിന്‍ സംഘടിപ്പിക്കും. ഇസ്‍ലാമിക പാരന്പര്യത്തിന്‍റെ തനിമയും അഹ്‍ലുസ്സുന്നയുടെ അജയ്യതയും ബോധ്യപ്പെടുത്തി പുത്തന്‍ വാദക്കാരുടെ വികലവാദങ്ങളില്‍ നിന്ന് പ്രവാസി മുസ്‍ലിംകളെ സംരക്ഷിച്ച് നിര്‍ത്താനും, മതം പ്രതിരോധമാണെന്ന് വരുത്തിത്തീര്‍ത്ത് മുസ്‍ലിം യുവതയെ തീവ്രവാദ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്ന തീവ്രവാദ സംഘടനകളില്‍ നിന്നും യുവതയെ സുരക്ഷിതമാക്കാനും, ആദ്ധ്യാത്മികതയെ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന വ്യാജ ത്വരീഖത്തുകാരുടെ കപട മുഖങ്ങള്‍ പ്രവാസികളെ ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് കാന്പയിന്‍ ആചരിക്കുന്നത്.

ജനുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ കാലയളവില്‍ ലഘുലേഖ വിതരണം, ഗൃഹ സന്ദര്‍ശനം, ടേബിള്‍ ടോക്ക്, യൂണിറ്റ് തല ബോധന വേദികള്‍ , മീലാദ് സംഗമം, സമാപന സമ്മേളനം എന്നിവ നടക്കും.

കാന്പയിനിന്‍റെ ഉദ്ഘാടനം ജനുവരി 15 ന് സിറ്റി വാദീനൂറില്‍ നടക്കും.