ദാറുന്നജാത്ത് വാര്‍ഷികവും കെ.ടി. മാനു മുസ്‌ലിയാര്‍ അനുസ്മരണവും 21ന് തുടങ്ങും

മലപ്പുറം : കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 34-ാം വാര്‍ഷികവും കെ.ടി. മാനുമുസ്‌ലിയാര്‍ അനുസ്മരണവും 21 മുതല്‍ 23 വരെ പുന്നക്കാട് നജാത്ത് നഗറില്‍ നടക്കും. 21ന് 8.30ന് ദാറുന്നജാത്ത് പ്രവര്‍ത്തനപരിധിയിലെ ആറ് പഞ്ചായത്തുകളിലെ മദ്രസകളില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സും ഒമ്പതിന് പതാക ഉയര്‍ത്തലും നടക്കും. പ്രാരംഭ സദസ്സ് ഡോ. ബഹാവുദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനംചെയ്യും.

രണ്ടിന് 'കെ.ടി. മാനു മുസ്‌ലിയാര്‍ ജീവിതവും ദര്‍ശനവും' എന്ന വിഷയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.

21ന് 10 മുതല്‍ നജാത്ത് അറബ് കോളേജ് ഓഡിറ്റോറിയത്തില്‍ സ്ത്രീകള്‍ക്കായി ഖുര്‍ആന്‍ ചരിത്രപഠനക്ലാസ് നടത്തും. വൈകീട്ട് ഏഴിന് സ്വലാത്ത് വാര്‍ഷികവും ദുആ സമ്മേളനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 22ന് 3.30ന് നടക്കുന്ന സംഘടനാസംഗമം പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്യും. ഏഴിന് 'ഖുര്‍ആനിന്റെ വെളിച്ചം' സെമിനാര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

23ന് 10ന് മഹല്ല് നേതൃസംഗമം ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനംചെയ്യും. രണ്ടിന് നടക്കുന്ന അധ്യാപക-വിദ്യാര്‍ഥി സംഗമം സ്​പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. മൂന്നിന് നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും. നാലിന് നടക്കുന്ന പ്രവാസി കൂട്ടായ്മ അബ്ദുസലാം ബാഖവി ഉദ്ഘാടനംചെയ്യും. ഏഴിന് നടക്കുന്ന സമാപന പൊതുസമ്മേളനവും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിദ്ധീകരിച്ച ടി.കെ. ഉസ്താദ് സ്മരണികയുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, പി. കുഞ്ഞാണി മുസ്‌ലിയാര്‍, മോയിന്‍കുട്ടി ഫൈസി വാക്കോട്, എന്‍.കെ. അബ്ദുറഹിമാന്‍, പി. ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.