തൗഹീദും വ്യക്തിത്വ വികാസവും

മനുഷ്യമനസ്സിന്റെ സംസ്കരണത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കുമാവശ്യമായ ആശയങ്ങളും ആചാര മുറകളുമാണ് തൗഹീദുള്ക്കൊള്ളുന്നത്. അല്ലാഹുവിന്റെ ശ്രേഷ്ഠ ഗുണങ്ങളെ അറിയാനും ഉള്ക്കൊള്ളാനും ഒരുമ്പെടുന്നതിനനുസരിച്ച് മനുഷ്യ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും സാമൂഹിക ജീവിതത്തിലതിന്റെ ഗുണഫലങ്ങള് പ്രകടമാവുകയും ചെയ്യുന്നു. ഒരാള് മുസ്ലിമായി എന്നതു കൊണ്ടു മാത്രം, അല്ലാഹുവിന്റെ ഉല്കൃഷ്ടഗുണങ്ങള് ഉള്ക്കൊള്ളാതെ ഇതു ലഭ്യമാവുകയില്ല.
ആശയ നിഗൂഢതകളോ ആചാരോപചാര സങ്കീര്ണ്ണതകളോ ഇല്ലാത്ത ഇസ്ലാം ലളിതവും സുതാര്യവുമായ ഒരു കാഴ്ചപ്പാടാണ് ജീവിതത്തെക്കുറിച്ചവതരിപ്പിക്കുന്നത്. അശ്രദ്ധവും അലസവുമായ കേവല കര്മങ്ങളുടെ സമാഹാരമായല്ല ജീവിതത്തെ വീക്ഷിക്കുന്നത്. മറിച്ച് നിതാന്ത ജാഗ്രതയും ചടുല നീക്കങ്ങളുമാവശ്യമായ, ഒരു നിമിഷത്തെ അശ്രദ്ധക്ക് നൂറ്റാണ്ടുകള് വില നല്കേണ്ടിവരുന്ന ഒരു യുദ്ധത്തിനു സമാനമായാണ് ജീവിതം വിലയിരുത്തപ്പെടുന്നത്. മനുഷ്യന്റെ ജ•വൈരിയായ പിശാചാണവന്റെ പ്രതിയോഗി. ഭൗതിക താല്പര്യങ്ങളുടെ പേരില് സൃഷ്ടി സഹചമായ ചാപല്യങ്ങളും സ്വഭാവ ദൂഷ്യങ്ങളും വികസിപ്പിച്ചെടുത്ത്, ദൈവസ്മരണയില് നിന്നവനെ അടര്ത്തിയെടുക്കുന്നതിലും, പരസ്പര വിദ്വേഷവും കലഹകോലഹലങ്ങളും സൃഷ്ടിച്ച് സാമൂഹ്യജീവിതം നരകതുല്യമാക്കുന്നതിലുമാണവന്റെ വിജയം. ഇതിനെതിരെ പടപൊരുതാനുള്ള ആയുധമാണ് തൗഹീദ്.
മാനുഷിക ദൗര്ബല്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ ശുദ്ധീകരിക്കാനും പാപക്കറകളതില് നിന്നു തുടച്ചു മാറ്റി സുകൃതങ്ങളാല് സല്ഗുണ സമ്പന്നമാക്കാനും അതുവഴി സമൂഹത്തെ സകലവിധ ഛിദ്രതകളില് നിന്നും കാത്തുസൂക്ഷിക്കാനുമുതകുന്ന നിയമനിര്ദ്ദേശങ്ങളാണ് തൗഹീദ് വിഭാവനം ചെയ്യുന്നത്. വ്യക്തിശുദ്ധിയാണ് തൗഹീദിന്റെ പ്രഥമ ശ്രദ്ധാകേന്ദ്രം. മനഃശുദ്ധി കൈവരിച്ച വ്യക്തികളിലൂടെ ഉദാത്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാന് സാധിക്കും. വിശ്വസ്തത, വിനയം, സ്നേഹം, സഹാനൂഭൂതി, ധീരത, ആത്മാഭിമാനം തുടങ്ങി നിരവധി സ്വഭാവഗുണങ്ങള് രൂപപ്പെടുത്തുന്നതില് തൗഹീദിന് നിസ്തുല സ്വാധീനമാണുള്ളത്. ആരോഗ്യ പൂര്ണ്ണമായ ഒരു സമൂഹത്തിന്റെ നിര്മ്മിതിക്കും നിലനില്പ്പിനുമാവശ്യമായ അടിസ്ഥാന ഗുണങ്ങളും തൗഹീദിലടങ്ങിയിട്ടുണ്ട്.
വിശ്വസ്തതയും സത്യസന്ധതയും
വിശ്വസ്തതയും സത്യസന്ധതയുമാണ് മാനുഷിക സ്വഭാവങ്ങളില് ഏറ്റവും ഉല്കൃഷ്ടമായി ഗണിക്കപ്പെടുന്നത്. സകല സ്വഭാവ ഗുണങ്ങളുടെയും ഉറവിടമായ വിശ്വസ്തതയുടെ അഭാവത്തില് മറ്റെല്ലാം നിഷ്പ്രഭമാണ്. ഉള്ളുംപുറവും ഒരുപോലെ ശുദ്ധമാവുമ്പോഴാണ് ഒരാള് വിശ്വസ്തനായി മാറുന്നത്. സത്യം പറയല്, വാക്കു പാലിക്കല്, പരസ്പര വിശ്വാസം, ഉള്ളു തുറന്ന പെരുമാറ്റം, ഹൃദയ സാന്നിധ്യം എന്നിവയെല്ലാം വിശ്വസ്തതയുടെ പ്രത്യക്ഷഗുണങ്ങളാണ്.
മറഞ്ഞ ലോകത്തെക്കുറിച്ചുള്ള വിശ്വാസത്തിലേ, മനുഷ്യന്റെ ആന്തരിക ഗുണമായ വിശ്വസ്തത അന്വര്ത്ഥമാവുകയുള്ളൂ. ഖൂര്ആന് വിശ്വാസിയുടെ പ്രഥമ ഗുണമായെണ്ണിയത് 'മറഞ്ഞ കാര്യങ്ങളില് വിശ്വസിക്കുന്നവന്' എന്നാണ്. മനുഷ്യന്റെ അകവും പുറവും ഒരുപോലെ വീക്ഷിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണെ്ടന്നും, ഒരുനാള് സത്യം വെളിച്ചത്തു വരുമെന്നു ബോധ്യമുള്ള, താല്ക്കാലികമായ ഭൗതിക നേട്ടങ്ങളെക്കാള് പാരത്രിക നേട്ടങ്ങള്ക്ക് മുന്ഗണന നല്കുന്ന ഒരാളെ കളവു പറയാനോ, അപരനെ വഞ്ചിക്കാനോ തന്റെ മനസ്സു സമ്മതിക്കുകയില്ല.
നബി(സ്വ)യോട് ഒരിക്കല് അനുയായികള് ചോദിച്ചു: സത്യവിശ്വാസി മോഷണം നടത്തുമോ? നബി(സ്വ) പ്രതിവചിച്ചു: അതെ. വീണ്ടും ചോദിച്ചു: വിശ്വാസി വ്യഭിചരിക്കുമോ? അപ്പോഴും നബി അതേ മറുപടി ആവര്ത്തിച്ചു. മൂന്നാമതായി ചോദിച്ചു: സത്യവിശ്വാസി കള്ളം പറയുമോ? അപ്പോള് നബി(സ്വ) പ്രതിവചിച്ചു. സത്യവിശ്വാസി ഒരിക്കലും കള്ളം പറയുകയില്ല. (അഥവാ ചില ദുര്ബല നിമിഷങ്ങളിലവനില് നിന്ന് വ്യഭിചാരമോ മോഷണമോ സംഭവിച്ചാല് പോലും തന്റെ മന:സാക്ഷിയെ മരവിപ്പിച്ച്, വിശ്വാസ വഞ്ചനയായ കളവ് അവനില് നിന്നൊരിക്കലും ഉണ്ടാവുകയില്ല. പ്രവാചകര്(സ്വ)യില് ജനങ്ങള് ദര്ശിച്ച ഏറ്റവും ഉല്കൃഷ്ടമായ ഗുണം വിശ്വസ്തതയായിരുന്നു. വിശ്വസ്തന് എന്നര്ത്ഥമുള്ള ‘അല് അമീന്’ എന്നാണ് ജനങ്ങളവര്ക്ക് നല്കിപ്പോന്ന സ്ഥാനപ്പേര്. നബി(സ്വ)യുടെ പ്രബോധന ജീവിതത്തില് പോലും ഇതിന് വലിയ സ്വാധീനമുണ്ടായിരുന്നു. നബി(സ്വ)യുടെ കൊടിയ ശത്രുവായ അബൂജഹ്ല് ഒരിക്കല് പറഞ്ഞു: “മുഹമ്മദിനെ ഞാന് അവിശ്വിസിക്കുന്നില്ല. മുഹമ്മദ് കൊണ്ടുവന്നതിനെയാണ് ഞാനവിശ്വസിക്കുന്നത്”.
വിശ്വസ്തതയുടെ വിപരീതം കാപട്യമാണ്. ഉള്ളിലിരിപ്പും പുറമെയുള്ള പെരുമാറ്റരീതിയും തമ്മിലുള്ള വൈരുധ്യമാണ് കാപട്യം. താല്ക്കാലികമായ എന്തെങ്കിലും കാര്യലാഭങ്ങളില് നോട്ടമിട്ട് സത്യം മൂടിവെക്കുകയും മന:സാക്ഷിയെ മരവിപ്പിക്കുകയും ചെയ്യുന്ന വളരെ നീചമായ പെരുമാറ്റ രീതിയാണിത്. കപടന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങളായി പ്രവാചകര്(സ്വ) എണ്ണിയത് കള്ളം പറയല്, വിശ്വസിച്ചവരെ വഞ്ചിക്കല്, വാഗ്ദത്ത ലംഘനം എന്നിവയാണ്. കപടന്റെ അകത്തളം പരസ്പര വൈരുധ്യങ്ങളാല് കലഹപങ്കിലവും അസ്വസ്ഥ പൂരിതവുമായിരിക്കും. പരസ്പര വഞ്ചനയും സംശയവും സ്വഭാവമായി സ്വീകരിച്ച, ആര്ക്കും ആരോടും ആത്മാര്ത്ഥതയും വിശ്വാസവുമില്ലാത്ത പൊയ്മുഖങ്ങള്ക്കിടയില് ജീവിതം മുന്നോട്ട് കൊണ്ടുപോവുക എത്രമാത്രം ക്ലേശകരമായിരിക്കും. കപട•ാരുടെ സങ്കേതം നരകത്തിന്റെ ഏറ്റവും അടിത്തട്ടിലായിരിക്കുമെന്നാണ് ഖുര്ആന് നമ്മെ പഠിപ്പിക്കുന്നത്. ഭൗതിക ജീവിതത്തില് അന്യര്ക്കവര് പണിയുന്നത് നകരമാണല്ലോ.
ഹൃദയ വിശാലതയും നിഷ്കളങ്കതയും
ഭൂമിയിലുള്ള മുഴുവന് മനുഷ്യര്ക്കും ന•യും അഭിവൃദ്ധിയും കൈവരണമെന്ന വിശാലമായ സമീപനമാണ് തൗഹീദ് പകര്ന്നു കൊടുക്കുന്നത്. വിശ്വാസിയുടെ മനസ്സ് പ്രപഞ്ചത്തോളം വിശാലമായിരിക്കണം. പ്രപഞ്ചത്തിലെ സകലവസ്തുക്കളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവന് അല്ലാഹുവാണ്. സൃഷ്ടികളില് നല്ലവരും ദുഷിച്ചവരും അനുസരിക്കുന്നവരും നിഷേധിക്കുന്നവരുമുണ്ട്. മനുഷ്യരുടെ കര്മങ്ങളുടെ അളവും സ്വഭാവവും നോക്കാതെ അനുഗ്രഹങ്ങള് ചൊരിയുന്നവനാണല്ലാഹു. ഈ വിശാല മനസ്കത മനുഷ്യനുമുള്ക്കൊള്ളണം. അല്ലാഹുവിന്റെ ഉല്കൃഷ്ട ഗുണങ്ങളെ പരമാവധി സ്വായത്തമാക്കണമെന്നണല്ലോ പ്രവാചകര്(സ്വ) നമ്മെ പഠിപ്പിച്ചത്. അതുകൊണ്ട് ജാതി മത ഭേദങ്ങള്ക്കപ്പുറം ഇങ്ങോട്ടു ന•ചെയ്യുന്നവരെയും തി• ചെയ്യുന്നവരെയും ഉള്ക്കൊള്ളാനുള്ള വിശാലമനസ്കത നാം സ്വന്തമാക്കണം.
അപരന് അനുഗ്രഹങ്ങളും അംഗീകാരവും ലഭിക്കുമ്പോള് മന:സങ്കോചമനുഭവപ്പെടുകയും ഏതെങ്കിലും വിധേന അവനില് നിന്ന് അതു നീങ്ങി തനിക്കുനഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അസൂയയുടെ ആത്മാക്കളായ ഇവരുടെ മനസ്സ് എപ്പോഴും അസ്വസ്ഥതയുടെ തീക്കനലുകള് നിറഞ്ഞതായിരിക്കും. കാരണം ദൈവാനുഗ്രഹം ജനങ്ങളുടെ മേല് വര്ഷിച്ചുകൊണ്ടിരിക്കും. ആരുടെയെങ്കിലും പ്രതിഷേധമോ മന:പ്രയാസമോ അതിനു തടസ്സമാവുകയില്ല. അസൂയയും വിദ്വേഷവും വെക്കപ്പെടുന്നവനും അതുകൊണ്ട് കാര്യമായ കോട്ടമൊന്നുമുണ്ടാവില്ല. നഷ്ടവും കോട്ടവും മുഴുവന് അസൂയാലുവിനാണ്. മനസ്സ് എരിഞ്ഞു തീരുന്നതോടൊപ്പം അവന്റെ മനസ്സിലെ ന•കളോരോന്നും നിഷ്കാസിതമാവും. പ്രവാചകര്(സ്വ) ഒരിക്കല് പറഞ്ഞു: ''അഗ്നി വിറകിനെ തിന്നുന്ന പോലെ അസൂയ ന•കളെ തിന്നുകളയും.''
ഭൗതിക ലോകത്ത് തങ്ങള് ചെയ്യുന്ന ന•കള്ക്കനുസരിച്ച് പ്രതിഫലം ലഭിക്കണമെന്ന് ശഠിക്കുന്നവരാണ് നമ്മില് വലിയൊരു വിഭാഗം. ദുഷ്്കര്മ്മികള് നേട്ടങ്ങള് കൊയ്യുന്നതു കാണുമ്പോള് വല്ലാതെ അസഹിഷ്ണുത കാണിക്കുകയും ന•യോടു തന്നെ വിരക്തി തോന്നുകയും ചെയ്യുന്നു. അല്ലാഹുവിനെ ഉള്ക്കൊള്ളുന്നതിലുള്ള അപാകതയാണിതിനു കാരണം. ഭൗതിക ലോകത്ത് മനുഷ്യന് എന്തു ചെയ്യുന്നു എന്നതിനനുസരിച്ചല്ല ആനുകൂല്യങ്ങള് ലഭിക്കുന്നത്. അവന്നുവേണ്ടി എന്തെല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടു എന്നതിനനുസൃതമായാണ്. താന് നല്ലതു ചെയ്താല് അതിനുള്ള പ്രതിഫലം ലഭിക്കുന്ന ലോകം ഇതല്ല. പാരത്രിക ലോകമാണ്. അതിനാല് ചെയ്ത ന•കളുടെ അളവില് നേട്ടങ്ങള് കൈവരിക്കാനാവത്തതില് ആര്ക്കും നിരാശ തോന്നേണ്ടതില്ല. തനിക്കു വരുന്ന നാശനഷ്ടങ്ങളോ അനുഗ്രഹങ്ങളോ തന്റെ കര്മങ്ങളുടെ ഫലമല്ല. അങ്ങനെയാണെന്നായിരുന്നു മുജ്ജ• പാപ സിദ്ധാന്തം മനുഷ്യനെ പഠിപ്പിച്ചത്. ഹൃദയ സങ്കുചിതത്വത്തിന്റെ മറ്റൊരു ലക്ഷണമാണ് അത്യാഗ്രഹം. ആവശ്യത്തിലോ അര്ഹിച്ചതിലോ കവിഞ്ഞ ആഗ്രഹമാണല്ലോ അത്യാഗ്രഹം. അല്ലാഹുവിന്റെ ശ്രേഷ്ഠ ഗുണങ്ങളെ വേണ്ടവിധം ഉള്ക്കൊള്ളുന്നതിലുള്ള പാകപ്പിഴ തന്നെയാണിതിനും കാരണം. അല്ലാഹു ഇച്ഛിക്കുന്നവര്ക്കാണവന് അനുഗ്രഹങ്ങള് ചൊരിയുന്നത്. ഒരാള്ക്ക് നല്കേണ്ട ആനുകൂല്യങ്ങള് അപഹരിച്ചുകൊണേ്ടാ വെട്ടിച്ചുരുക്കിക്കൊണേ്ടാ അല്ല മറ്റൊരാള്ക്ക് നല്കുന്നത്. മനുഷ്യന്റെ യോഗ്യതയോ കഴിവുകളോ അതിനു നിദാനമല്ല. നേരത്തെ നിശ്ചയിക്കപ്പെട്ടതേ ലഭിക്കൂ. അത്യാഗ്രഹം കൊണ്ട് അധികം നേടാനോ അപരന്റേത് കൈക്കലാക്കാനോ സാധ്യമല്ല. ഏതൊരു മനുഷ്യനും തനിക്ക് അനുവദിക്കപ്പെട്ട അന്നവും മറ്റ് അനുഭൂതികളും അനുഭവിച്ച് തീര്ന്നിട്ടല്ലാതെ മരിച്ചു പോവുകയില്ല എന്ന പ്രവാചകര്(സ്വ)യുടെ തിരുമൊഴി ഏറെ ചിന്തോദ്ദീപകമാണ്. അത്യാഗ്രഹം ആപല്ക്കരമാണ്.
അതിനാല് മറ്റുള്ളവരുടെ സന്തോഷങ്ങളില് പങ്കുചേരുകയും വികാരങ്ങള് ഉള്ക്കൊള്ളുകയും ചെയ്യുമ്പോള് നമ്മുടെ ഹൃദയം വിശാലമാവുകയും മറ്റുള്ളവര്ക്ക് സന്തോഷം പകരാനും ദൈവപ്രീതി കരസ്ഥമാക്കാനും സാധിക്കുകയും ചെയ്യുന്നു. സ്വന്തം താല്പര്യങ്ങള്ക്ക് മാത്രം മുന്ഗണന നല്കുകയും അപരന്റെ കാര്യങ്ങളോട് നിഷേധാത്മക നയം കൈക്കൊള്ളുകയും ചെയ്യുന്നവന് ഫലം നഷ്ടവും നൈരാശ്യവുമായിരിക്കും. ആത്മീയമായ ഔന്നത്യത്തിനു വേണ്ടി പ്രാര്ത്ഥിക്കുമ്പോള് പോലും മറ്റുള്ളവരെ കൂടി ഉള്പ്പെടുത്തുന്നതാണ് ഫലപ്രാപ്തിക്ക് കൂടുതല് ഉചിതമെന്നാണ് പ്രവാചകര്(സ്വ) നമ്മെ പഠിപ്പിച്ചത്.
സ്നേഹവും കാരുണ്യവും
മനുഷ്യ ഹൃദയത്തിന്റെ ഉല്കൃഷ്ട ഗുണങ്ങളില്പ്പെട്ടതാണ് സ്നേഹവും കാരുണ്യവും: സഹജീവികളോടുള്ള സഹാനുഭൂതിയുടെ ഫലമായി മനസ്സിന്റെ അടിത്തട്ടില് നിന്ന് കിനിഞ്ഞൊഴുകുന്ന ആര്ദ്രതയുടെ ഈ പ്രവാഹം മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമാണ്. അല്ലാഹുവന്റെ വിശേഷണങ്ങളില് മഹത്ത്വമേറിയ കാരുണ്യമാണ് ഖുര്ആനിലേറ്റവും തവണ ആവര്ത്തിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയിലുള്ള ചെറുതും വലുതുമായ സകല ജന്തുക്കളും അവന്റെ കാരുണ്യത്തിന്റെ നിഴലിലാണ് നിലകൊള്ളുന്നത്. സഹജീവികളോട സ്നേഹവും കരുണയും കാണിക്കുന്നവരെ അവനിഷ്ടപ്പെടുന്നു.
നമ്മുടെ ചുറ്റും നിത്യദൈന്യതകളും കഷ്ടപ്പാടുകളും പേറി ജീവിതം തള്ളിനീക്കുന്ന നിരവധി മനുഷ്യകോലങ്ങളുണ്ട്. അഗതികള്, അനാഥകള്, വിധവകള്, അംഗവൈകല്യമുള്ളവര്, മാറാവ്യാധികള് കൊണ്ട് ഗതി മുട്ടിയവര്, ബുദ്ധിമാന്ദ്യം സംഭവിച്ചവര് എന്നിങ്ങനെ നീണ്ടുകിടക്കുന്ന നിര...... അവരോടു കാരുണ്യം കാണിക്കാനും അവരുടെ വേദനകള് പങ്കുവെക്കാനും ഒരുമ്പെടുമ്പോഴാണ് നമ്മിലെ മാനുഷിക ഗുണം ഉണരുന്നത്. നമ്മുടെ മനസ്സ് ആര്ദ്രമയമാവാനും, അല്ലാഹു നമുക്ക് നല്കിയ അനുഗ്രഹങ്ങളെ തിരിച്ചറിയാനും അതു സഹായകമാവും. ഇമാം ഗസാലി(റ) ഒരിക്കല് പറഞ്ഞു: രണ്ടുസ്ഥലങ്ങള് നീ ഇടക്കിടെ സന്ദര്ശിക്കണം. നിന്റെ ഹൃദയ കാഠിന്യത്തെ അത് അലിയിച്ചുകളയും. ഒന്ന് ആശുപത്രിയും മറ്റൊന്ന് ജയിലറയും. ശാരീരികവും മാനസികവുമായ രോഗങ്ങളും വൈകല്യങ്ങളും കാരണം വേദന തിന്നുന്ന രണ്ട് വിഭാഗമാണതിലെ അന്തേവാസികള്. നമ്മുടെ മനസ്സും ശരീരവും എത്രമാത്രം ഋജുവും ആരോഗ്യപൂര്ണവുമാണെന്ന് തിരിച്ചറിയാന് അതു സഹായകമാവും. ഹൃദയ കാഠിന്യത്തെക്കുറിച്ചാവലാതിപ്പെട്ട ഒരു മനുഷ്യന് പ്രവാചകര്(സ്വ) നല്കിയ പ്രതിവിധി നീ അനാഥകളുടെ തലമുടിക്കിടയിലൂടെ കൈകൊണ്ട് തടവണമെന്നാണ്.
കാരുണ്യത്തിന് വളറെ വലിയ സ്ഥാനമാണിസ്ലാം നല്കുന്നത്. മനുഷ്യരോടു മാത്രമല്ല മൃഗങ്ങളോടും മിണ്ടാപ്രാണികളോടും കരുണ കാണിക്കല് മതത്തിന്റെ ഭാഗമാണ്. നബി(സ്വ) ഒരിക്കല് പറഞ്ഞു: ''നിങ്ങള് ഭൂമുഖത്തുള്ളവയോടു കരുണ കാണിക്കുക. എന്നാല് വാനലോകത്തുള്ളവന് നിങ്ങളോടും കരുണകാണിക്കും.'' ഒരു പക്ഷി കുഞ്ഞിനെ പിടിച്ചുവെച്ച് അതിന്റെ തള്ളപ്പക്ഷിയെ വേദനിപ്പിച്ചതിന്റെ പേരില് നബി(സ്വ) ഒരിക്കല് തന്റെ അനുചര•ാരിലൊരാളെ ശ്വാസിക്കുകയുണ്ടായി.
അല്ലാഹു കാരുണ്യവാനാണെങ്കില് എന്തിനു വേണ്ടിയാണ് ഭൂമിയില് ദൈന്യതകളും കഷ്ടപ്പാടുകളും അവശേഷിപ്പിച്ചത്? വളരെ വ്യക്തമാണിതിന്റെ മറുപടി: സമൂഹത്തിന്റെ പൊതുവായ ന•യും ഗുണവുമാണ് വ്യക്തിഗത നേട്ടങ്ങളിലുപരി അല്ലാഹുവിനു പ്രധാനം. സമൂഹത്തിന്റെ സന്തുലിതത്വവും സൗന്ദര്യവും നിലനില്ക്കണമെങ്കില് ഒരു പക്ഷെ രോഗവും വൈകല്യവും ആവശ്യമായിരിക്കാം. ഒരു തോട്ടക്കാരന് തന്റെ ഉദ്യാനത്തിന്റെ സൗന്ദര്യം നിലനിര്ത്താന് ചില ചെടികള് പറിച്ചു മാറ്റുകയും ചിലതിന്റെ കൊമ്പുകള് വെട്ടി ശരിപ്പെടുത്തുകയും വേണ്ടിവരും. കൊമ്പു മുറിക്കപ്പെട്ട ചെടിക്കതൊര അഭംഗിയായാലും തോട്ടത്തന് സൗന്ദര്യദായകമായിരിക്കും. ഭംഗി കുറഞ്ഞതും കൂടിയതുമായ പുഷ്പങ്ങളും ചെടികളും അണി നിരക്കുമ്പോഴാണ് ഒരു തോട്ടം സുന്ദരമാവുന്നതെന്ന പോലെ പ്രപഞ്ചത്തിന്റെ സൗന്ദര്യം വൈരുധ്യങ്ങളിലാണ്. എല്ലാവരും ധനവാ•ാരും അംഗസൗഭാഗ്യമുള്ള സുന്ദര•ാരുമായാല് പിന്നെ ധനത്തിനും സൗന്ദര്യത്തിനും എന്ത് സ്ഥാനമാണുള്ളത്.
അല്ലാഹുവിന്റെ കാരുണ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ മുഖങ്ങളുണ്ട്. നമുക്ക് പ്രത്യക്ഷത്തില് ആപല്ക്കരവും വേദനാജകവുമായി തോന്നുന്നവയില് അവന്റെ കാരുണ്യങ്ങളുടെ അക്ഷയ ഖനികള് തന്നെ അന്തര്ലീനമായി കിടക്കുന്നുണ്ടാവാം. അതുള്ക്കൊള്ളാന് നമ്മുടെ എളിയ ബുദ്ധി അപര്യാപ്തമാവുന്നതുകൊണ്ടാണ് പ്രഥമ ദൃഷ്ട്യാ നമുക്കസ്വസ്ഥത അനുഭവപ്പെടുന്നത്. ഉദാഹരണമായി നമ്മുടെ കാലില് ഒരു മുള്ളു തറച്ചു എന്നു വെക്കുക. മുള്ളു തറച്ച ഭാഗത്ത് താമസിയാതെ പഴുപ്പ് വരികയും മുറിവേല്ക്കുകയും ചെയ്യുന്നു. കാലില് പഴുപ്പ് വരുമ്പോള് നമുക്ക് അസ്വസ്ഥതയും പ്രിതിഷേധവുമനുഭവപ്പെടുന്നു. യഥാര്ത്ഥത്തില് അല്ലാഹുവിന്റെ ഒരനുഗ്രഹമാണിത്. ശരീരത്തിനകത്ത് കടക്കുന്ന അന്യപദാര്ത്ഥങ്ങളെ, ശാരീരിക പ്രവര്ത്തനങ്ങളെ അലങ്കോലപ്പെടുത്താതെ പുറം തള്ളുന്നതിന് അല്ലാഹു നിശ്ചയിച്ച ഒരെളുപ്പവഴിയാണിത്. ഇതുപോലെ നമ്മുടെ ശരീരത്തിലനുഭവപ്പെടുന്ന ഒട്ടുമിക്ക വേദനകളിലും പരാധീനതകളിലും ശാരീരികമോ ആത്മീയമോ ആയ എന്തെങ്കിലും ഗുണങ്ങള് അടക്കം ചെയ്തിട്ടുണ്ടാവും. സഹനം, സമചിത്തത, ക്ഷമ തുടങ്ങി സാമൂഹിക ജീവിതത്തില് പ്രധാന്യമര്ഹിക്കുന്ന പല സ്വഭാവ ഗുണങ്ങളും വളര്ത്തിയെടുക്കാന് ശാരീരികമായ ദൗര്ബല്യങ്ങളും രോഗങ്ങളും പലപ്പോഴും സഹായകമാവാറുണ്ട്. ഇതിനു പുറമെ ആത്മീയമായ ഔന്നത്യവും പാപമോചനവും നേടാനുള്ള ചവിട്ടുപടികളായും രോഗങ്ങള് വര്ത്തിക്കാറുണ്ട്. സത്യവിശ്വാസിയുടെ കാലില് ഒരു മുള്ളു തറക്കുന്നതു പോലും അവന് ദോഷങ്ങള് പൊറുക്കാന് കാരണമാവുമെന്ന്് പ്രവാചകര്(സ്വ) പ്രസ്താവിക്കുകയുണ്ടായി.
ധീരതയും ആത്മാഭിമാനവും
ഏകദൈവ വിശ്വാസം മനുഷ്യനു പകരുന്ന ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങളാണ് ധീരതയും നിശ്ചയ ധാര്ഢ്യവും. ഒരാള് തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്ക്കും ആദര്ശങ്ങള്ക്കും വേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള സന്നദ്ധതയാണല്ലോ ധീരതയെന്നതു കൊണ്ടര്ത്ഥമാക്കുന്നത്. ഉദ്ദേശ്യലക്ഷ്യങ്ങളുടെയും ആദര്ശങ്ങളുടെയും മഹത്വമാണ് ധീരതയുടെ മാഹാത്മ്യം നിശ്ചയിക്കുന്നത്. ദുരുദ്ദേശ്യ പൂര്ണ്ണമായ ധീരത പാപവും ഉദ്ദേശ്യശൂന്യമായ സാഹസിക മുറകള് അനാവശ്യവുമാണ്.
ഭീരുത്വമാണ് ധീരതയുടെ വിപരീതം. ഭൗതിക നഷ്ടങ്ങളെക്കുറിച്ചുള്ള പരിഭവവും മരണ ഭയവുമാണ് ഭീരുത്വത്തിന്റെ അടിത്തറ. ഭൗതിക ലോകത്തോടുള്ള ആസക്തി വര്ധിക്കുന്നതിനനുസരിച്ച് മനുഷ്യന് കൂടുതല് ഭീരുവായിക്കൊണ്ടിരിക്കും. ഏകദൈവവിശ്വസവും പരലോക ചിന്തയും ചേരുമ്പോഴാണ് ധീരത അതിന്റെ പൂര്ണതപ്രാപിക്കുന്നത്. ഭൗതിക ജീവിതത്തില് കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നും ഉന്നതമായ ഒരു ലക്ഷ്യപ്രാപ്തിക്കു മുമ്പില് മരണം വരിക്കുകില് ശോഭനമായ ഒരു ഭാവിയുണെ്ടന്നും ഉള്ക്കൊള്ളുന്ന ഒരാള് അതിനു മുമ്പില് മരണത്തെ എന്തിനു ഭയപ്പെടണം.
ജീവിതവും മരണവും ലാഭവും നഷ്ടവുമെല്ലാം അല്ലാഹുവിന്റെ കരങ്ങളിലാണ്. മനുഷ്യന് എത്ര വലിയ മുന്കരുതല് കൈക്കൊണ്ടാലും ഏത് രഹസ്യ സങ്കേതങ്ങളിലൊളിച്ചാലും മരണവും നഷ്ടവും അവനെ പിടികൂടും. മരണഭയം കാരണം യുദ്ധത്തില് നിന്ന് പുറം തിരിഞ്ഞ് നിന്നവരോട് ഖുര്ആന് ചോദിച്ചത് ''നിങ്ങള് നിങ്ങളുടെ വീടുകളിലായാലും മരണം നിങ്ങളെ തേടയെത്തുകയില്ലേ''യെന്നാണ് ''ഭൂമിയിലുള്ള സകലജീവികളും ഒരാള്ക്ക് നാശംവരുത്താനും അല്ലാഹു അയാളെ രക്ഷപ്പെടുത്താനുമുദ്ദേശിച്ചാല് അല്ലാഹു നിശ്ചയിച്ചതേ നടക്കൂ'' എന്നാണല്ലോ പ്രവാചകര്(സ്വ) പഠിപ്പിച്ചത്. ഈ വിശ്വാസം മനുഷ്യന് അപാരമായ ധൈര്യവും സുരക്ഷിതത്വബോധവും പകരുന്നു. മനുഷ്യന് പ്രകൃതിശക്തികളെയും ഭൂത പ്രേതങ്ങളെയും ആരാധിച്ചുപോന്നത് അവയുടെ സംഹാര സ്വഭാവത്തെ ഭയപ്പെട്ടതു കൊണ്ടായിരുന്നു. അനാവശ്യമായ ഇത്തരം ഭയവിഹ്വലതകളില് നിന്ന് മോചിപ്പിച്ച് മനുഷ്യന് ധൈര്യവും ആത്മാഭിമാനവും പകരുന്നതില് തൗഹീദിന് അനിഷേധ്യ സ്വാധീനമുണ്ട്.
ഏതൊരു മനുഷ്യനും സ്വന്തമായ അസ്തിത്വവും മേല്വിലാസവമുണ്ട്. അല്ലാഹുവിന്റെ അടിമകളെന്ന നിലയില് എല്ലാവരും സമ•ാരാണ്. ആരും ആരുടെയും അടിമകളോ ആജ്ഞാനുവര്ത്തികളോ അല്ല. ഈ ആത്മബോധത്തെ മരവിപ്പിച്ചുകൊണ്ടാണ് ഫറോവയെപ്പോലെയുള്ള ഏകാധിപതികള് മനുഷ്യരെ തങ്ങളുടെ ആജ്ഞാനുവര്ത്തികളാക്കി മാറ്റിയത്. ഇന്ത്യയിലെ ആര്യ•ാര്ക്ക് വര്ണ്ണാശ്രമ ധര്മ്മത്തിന് മതകീയ മുഖം നല്കി അവര്ണ്ണരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കാനായതും ഇത്തരമൊരു അധമചിന്താഗതിയും അപകര്ഷ ബോധവും അടിച്ചേല്പ്പിച്ചു കൊണ്ടായിരുന്നു. തങ്ങള് ഉയര്ന്നു ചിന്തിക്കുന്നതോ ഉത്തുംഗതി പ്രാപിക്കുന്നതോ ദൈവത്തിന് അഹിതമാണെന്ന ധാരണയാണവര് വെച്ചു പുലര്ത്തിയത്.
ഏകദൈവവിശ്വാസം പരദൈവങ്ങളില് നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും ഉദാത്തമായ ആത്മാഭിമാനവും ധീരതയും അവനില് വളര്ത്തുകയും ചെയ്യുന്നു. ഈ ധീരതയും ആത്മാഭിമാനവും അവന്റെ ഭൗതിക ജീവിതത്തില് പോലും ദൂരവ്യാപകമായ സ്വാധീനങ്ങള് സൃഷ്ടിക്കും.
വിനയവും ലാളിത്യവും
ഏകദൈവവിശ്വാസം പകരുന്ന ഉള്ക്കരുത്തും ആത്മാഭിമാനവും ഒരിക്കലും പരനിന്ദക്കോ ഉള്നാട്യത്തിനോ അഹന്തക്കോ വഴിവെക്കുകയില്ല. അവന്റെ മനസ്സ് ലളിതസുന്ദരവും വിനയനിര്ഭരവുമായിരിക്കും.
പ്രപഞ്ചനാഥനായ അല്ലാഹു അജയ്യനും സര്വ്വശക്തനുമാണ്. മനുഷ്യനാണെങ്കില് ദുര്ബ്ബലനും നിസ്സഹായനുമാണ്. മനുഷ്യനെ സൃഷ്ടിച്ചത് നിസാരമായ കളിമണ്ണില് നിന്നും തുടര്ന്ന് മ്ലേഛമായ ഇന്ദ്രിയതുള്ളിയില് നിന്നും. ദൈവ നിശ്ചയം കൂടാതെ ഒരു ചെറു വിരലനക്കാന് പോലും മനുഷ്യന് അശക്തനാണ്. ഇതു മനസ്സിലാക്കിയാല് പിന്നെ എങ്ങനെയാണ് ഒരാള്ക്ക് അഹങ്കരിക്കാന് കഴിയുക. തന്റെ നേട്ടങ്ങളത്രയും അല്ലാഹു ഔദാര്യമായി നല്കിയതാണ്. അവന് ഉദ്ദേശിക്കുന്ന പക്ഷം അവ നീക്കിക്കളയുകയും ചെയ്യും. അതുകൊണ്ട് അഹങ്കരിക്കാന് മനുഷ്യന് യാതൊരര്ഹതയുമില്ല.
അല്ലാഹുവിന്റെ സൃഷ്ടികളില്പെട്ട ഒരു നിസാര ജീവിയെ പോലും നിന്ദിക്കുന്നതും അവഹേളിക്കുന്നതും അല്ലാഹുവിനോടുള്ള നിന്ദയാണ്. ഏതു കാര്യം നിര്വ്വഹിക്കുമ്പോഴും ഏറ്റവും ലളിതമായ രീതിയാണ് ഭൂഷണം. അമിതമായ ജാടകളും അനാവശ്യമായ അലങ്കാരാര്ഭാടങ്ങളും ഒരു സത്യവിശ്വാസിക്ക് ചേര്ന്നതല്ല. പ്രവാചകര് (സ്വ) ഒരിക്കല് പറഞ്ഞു: ''ദാനം ധനവര്ദ്ധനവിനെയും വിട്ടുവീഴ്ച അഭിമാനബോധത്തെയും വിനയം അഭ്യുന്നതിയെയുമല്ലാതെ വര്ദ്ധിപ്പിച്ചിട്ടില്ല.''
വ്യക്തിത്വരൂപീകരണത്തിനു പുറമെ സാമൂഹിക ഭദ്രതക്കും കെട്ടുറപ്പിനുമാവശ്യമായ അടിസ്ഥാന ഗുണങ്ങള് കൂടി തൗഹീദുള്ക്കൊള്ളുന്നുണ്ട്. അവയെക്കുറിച്ചുള്ള വിശദീകരണം ശേഷം വരുന്നതിനാല് വളരെ ലളിതമായ രൂപത്തില് മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.
സമത്വവും സാഹോദര്യവും
വിശ്വാസ കാര്യങ്ങളുടെ അടിത്തറ ദൈവത്തിന്റെ ഏകത്വമാണെന്ന പോലെ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ഘടകമായെണ്ണുന്നത് ഐക്യവും സാഹോദര്യവുമാണ്. ഐക്യം നഷ്ടപ്പെട്ടാല് സമൂഹം സമൂലം ശിഥിലമാവും. അനൈക്യത്തിന്റെയും ശൈഥില്യത്തിന്റെയും പ്രധാന പ്രചോദകം അസമത്വമാണ്. സമൂഹത്തിന്റെ ഉദ്ഭവം, ഘടന എന്നിവയെക്കുറിച്ചുള്ള മതത്തിന്റെ നിലപാടിന് ഇതില് പ്രധാന പങ്ക് വഹിക്കാന് സാധിക്കും.
ലോകത്ത് ഭിന്നദേശങ്ങളിലും ഭാഷകളിലും വംശങ്ങളിലുമായി വിന്യസിക്കപ്പെട്ടു കിടക്കുന്ന മനുഷ്യരെല്ലാം ഓരേ മാതാപിതാക്കളില് നിന്നുടലെടുത്ത, സമാനസ്ഥാനം പങ്കുവെക്കുന്നവരാണെന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന സങ്കല്പം. വംശം-ദേശം-വര്ണ്ണം എന്നിവയെല്ലാം താല്ക്കാലിക സംജ്ഞകള് മാത്രമാണ്. മനുഷ്യ മഹത്വമളക്കാനുള്ള മാനദണ്ഡം ജ•സഹജഗുണങ്ങളേതുമല്ല. മറിച്ച് ആര്ക്കും ആര്ജ്ജിക്കാവുന്ന ഭയഭക്തിയാണ്.
പരസ്പര സ്നേഹത്തിലും സഹകരണത്തിലുമാണ് സമൂഹത്തിന്റെ കരുത്ത്. പ്രപഞ്ചത്തിലെ ഓരോ വസ്തുവെയും ദൈവം സൃഷ്ടിച്ചത് പരസ്പരാശ്രിതമായ ഒരു ശൃംഖലയിലെ കണ്ണികളായാണ്. ഇവയില് നിന്ന് തെന്നിമാറിയാല് ഒന്നിനും അസ്തിത്വമില്ല. മനുഷ്യ സമൂഹത്തിനും ഈ പരസ്പരാശ്രയത്വം അനിവാര്യമാണ്. പ്രവാചകര്(സ്വ) ഒരിക്കല് പരസ്പര സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും കാര്യത്തില് സമൂഹത്തെ ഉപമിച്ചത് ശരീരത്തിലെ ഭിന്ന ധര്മങ്ങള് നിര്വ്വഹിക്കുന്ന, വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള അവയവങ്ങളോടാണ്. ശരീരത്തിലെ ഏതെങ്കിലുമൊരവയവത്തിന്റെ വേദനയില് ശരീരഭാഗം മുഴുവന് പങ്കുചേരുന്നു. ഇതുപോലെ മനുഷ്യര് പരസ്പരം സഹകരിക്കുകയും അന്യന്റെ സുഖദുഃഖങ്ങളില് പങ്കുചേരുകയും വേണം. മനുഷ്യര്ക്കിടയില് ഐക്യവും സമഭാവനയും സ്ഥാപിച്ചെടുക്കുന്നതില് അഭൂതപൂര്വ്വമായ വിജയമാണ് ഇസ്ലാം നേടിയെടുത്തത്. ഈ സമത്വ സങ്കല്പമാണ് ലോക സംസ്കാരങ്ങള്ക്കിടയില് ഇസ്ലാമിനെ കൂടുതല് ശ്രദ്ധേയമാക്കിയത്.
സാമൂഹ്യനീതി
തൗഹീദിന്റെ സാമൂഹികാവിഷ്കാരങ്ങളില് ഏറ്റവും പ്രധാനമാണ് സാമൂഹ്യനീതി. അല്ലാഹു സ്നേഹവും കാരുണ്യവുമാണ്. എന്നാല് അവന്റെ സ്നേഹ കാരുണ്യങ്ങള് ആരുടെയെങ്കിലും അവകാശം ധ്വംസിക്കുന്നതിലോ അവസരങ്ങള് നിഷേധിക്കുന്നതിലോ നിക്ഷിപ്തമല്ല. ഏതൊരാള്ക്കും അര്ഹിച്ചത് കൃത്യമായി നല്കുകയെന്നതാണവന്റെ രീതി. ''ആകാശത്തെ ഉയര്ത്തുകയും (നീതിയുടെ) തുലാസിനെ സ്ഥാപിക്കുകയും ചെയ്തവനാണവന്'' (ഖു:55:7) ഈ നൈതിക സങ്കല്പം സാമൂഹ്യ ജീവിതത്തിലനുവര്ത്തിക്കാന് മനുഷ്യരും ബാധ്യസ്ഥരാണ്. ദൈവത്തിന്റെ സ്വഭാവ ഗുണങ്ങളിലൊന്നായ നീതിബോധം അവന്റെ കാരുണ്യത്തിന്റെ നിരാസമല്ല. മനുഷ്യനില് കര്മ്മോത്സുകതയും പ്രതീക്ഷയും സൃഷ്ടിക്കുന്നത് ദൈവ നീതിയിലുള്ള പ്രതീക്ഷയാണ്. സല്ക്കര്മികളെയും ദുഷ്കര്മികളെയും ഒരേപോലെ കൈകാര്യം ചെയ്യുന്നത് സല്കര്മങ്ങളെ നിരര്ത്ഥകമാക്കിക്കളയും.
സമൂഹത്തിലുള്ള സ്ഥാനമാനങ്ങളും സാമ്പത്തിക നിലയും നോക്കി ശിക്ഷയുടെ തോത് നിശ്ചയിക്കുന്ന ഒരു സാഹചര്യത്തിലാണ് നിയമത്തിനു മുമ്പില് എല്ലാവരും സമ•ാരാണെന്ന ആശയം ഇസ്ലാം ഉയര്ത്തിപ്പിടിച്ചത്. പൊതുജനങ്ങള്ക്കിടയില് ഉടലെടുത്ത നൈതിക സങ്കല്പം ഭരണാധികാരിയെ ചോദ്യം ചെയ്യാന് വരെ വളര്ന്നു കഴിഞ്ഞിരുന്നു. രണ്ടാം ഖലീഫ ഉമര്(റ)വിനെ വിവാഹ മൂല്യത്തിന്റെ തോത് നിശ്ചയിച്ചതിന്റെ പേരില് ചോദ്യം ചെയ്തത് വൃദ്ധയായ ഒരു സ്ത്രീയായിരുന്നു. അവരുടെ വാദമുഖങ്ങള്ക്കു മുമ്പില് ഖലീഫക്ക് പിന്മാറുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ആരോടെങ്കിലുമുള്ള മുന്കോപമോ വിദ്വേഷമോ അയാളോട് അനീതിയും അക്രമവും കാണിക്കാനുള്ള പ്രേരകമാവാന് പാടില്ലെന്ന് കണിശമായ ഭാഷയില് ഖുര്ആന് നിര്ദ്ദേശിക്കുന്നു.