വിഗ്രാഹാരാധനയുടെ ആന്തരികശൂന്യത

ലോകത്ത് ഇന്ന് നിലവിലുള്ള ഒട്ടുമിക്ക മതവിശ്വാസങ്ങളും ഏകദൈവത്വത്തില് തുടങ്ങി ബഹുത്വത്തില് എത്തിനല്ക്കുന്നുവെന്നാണല്ലോ നാം വിവരിച്ചത്. ഈ വ്യതിയാന പരമ്പരക്ക് ഏറ്റവും കൂടുതല് ആക്കം കൂട്ടിയ ഘടകങ്ങളിലൊന്ന് വിഗ്രഹങ്ങളുടെ രംഗപ്രവേശമായിരുന്നു എന്ന് മനസ്സിലാക്കാം. ഇസ്ലാമല്ലാത്ത ഒട്ടുമിക്ക മതങ്ങളും ആരാധനാ സമ്പ്രദായത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ള രീതിയെന്ന നിലയിലെങ്കിലും വിഗ്രഹാരാധനക്ക് ലൈസന്സ് നല്കുന്നവരാണ്. വിഗ്രഹങ്ങള്ക്കു കടന്നു വരാനുള്ള സകല പഴുതുകളും മുന്കൂട്ടി അടച്ചതിനാല് ഇസ്ലാമിലേക്ക് ഒരുകാലത്തും വിഗ്രഹങ്ങള്ക്കു പ്രവേശനം ലഭിച്ചില്ല.
ഇതര മതവിശ്വാസങ്ങളിലെല്ലാം വിഗ്രഹാരാധന എങ്ങനെ കടന്നു കൂടി എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ ഒരു കാഴ്ചപ്പാട് ലഭ്യമല്ലെങ്കിലും അന്വേഷണങ്ങള്ക്കു മുമ്പില് ചില സാധ്യതകള് തെളിയുന്നു. പ്രധാനമായും മൂന്നു രീതിയിലുള്ള വിഗ്രഹങ്ങളാണ് ഇന്ന് പ്രാബല്യത്തിലുള്ളത്. ഒന്ന് മണ്മറഞ്ഞുപോയ മഹദ് വ്യക്തിത്വങ്ങളുടെ പേരില് പില്ക്കാലത്ത് രൂപകല്പ്പന ചെയ്യപ്പെട്ട വിഗ്രഹങ്ങള്. രണ്ടാമത്തേത് നമുക്ക് സുപരിചിതമായ മറ്റു പല ജീവികളുടെയും രൂപത്തിലുള്ള വിഗ്രഹങ്ങള്. മൂന്നാമത്തേത് നമുക്ക് പരിചയമില്ലാത്ത സാങ്കല്പിക രൂപത്തില് കൊത്തിപ്പടച്ചുണ്ടാക്കിയ ശില്പങ്ങള്. ഇവ മൂന്നിന്റെയും ഉദ്ഭവ പശ്ചാത്തലങ്ങള് വ്യത്യസ്തമായിരിക്കാം. എന്നാല് മനുഷ്യബുദ്ധിയുടെ അപൂര്ണ്ണതയും അല്പത്തവും ഇവയിലെല്ലാം ഒരുപോലെ സമംചേര്ന്നിരിക്കുന്നു.
സര്വ്വശക്തന്, പരമാധികാരി, സൃഷ്ടിസംഹാരാദികളുടെ കര്ത്താവ്...... തുടങ്ങി അല്ലാഹുവിന്റെ ഔജ്ജല്യഭാവം തുളിമ്പി നില്ക്കുന്ന വിശേഷണങ്ങളെക്കുറിച്ച് മനുഷ്യ ഭാവനയില് തെളിഞ്ഞ, അല്ലെങ്കില് പിശാച് തോന്നിപ്പിച്ച കേവല ചിത്രങ്ങള്ക്ക് രൂപം നല്കി വെളിയിലിറക്കാനുള്ള വ്യര്ത്ഥ ശ്രമങ്ങളായിരിക്കാം നാല് കൈകളും തുമ്പിക്കയ്യുമുള്ള ഗണപതി പോലുള്ള രാക്ഷസരൂപം പൂണ്ട വിഗ്രഹങ്ങളുടെ ജ• പശ്ചാത്തലം. ജീവികളുടെ ലോകത്ത് അങ്ങനെയൊരു രൂപം അപരിചിതമാണല്ലോ. ദൈവസങ്കല്പ്പത്തിലെ ഏറ്റവും വികലമായ രീതിയാണിതെന്ന് അല്പം ചിന്തിച്ചാല് ആര്ക്കും മനസ്സിലാവും. ദൈവത്തിന് രൂപകല്പന നല്കാന് അവന്റെ രൂപം നാം ആരും കണ്ടിട്ടില്ല. സ്ഥലകാലാതീതനും അരൂപിയുമായ അവനെ, സ്ഥലകാലങ്ങളുടെയും ആകാരരൂപങ്ങളുടെയും പശ്ചാത്തലത്തില് നിന്ന് വേറിട്ട് ഒന്നിനെയും സങ്കല്പ്പിക്കാന് കഴിയാത്ത നമ്മുടെ ബുദ്ധിക്കും ഭാവനക്കും അവനെ സങ്കല്പ്പിക്കാന് കഴിയില്ല. അവന്റെ സമാനഭാവം കൈവരിക്കാത്ത കാലത്തോളം അതു സാധ്യവുമല്ല. ഇതൊന്നുമില്ലാതെ ഇത്തരമൊരു വ്യര്ത്ഥവേലക്ക് തുനിയുന്നത് ആനയെക്കുറിച്ചോ പക്ഷിയെക്കുറിച്ചോ ഒന്നുമറിയാത്ത ഒരാള് ആനറാഞ്ചിപ്പക്ഷിയെന്ന ഭാവനക്കിളിയെ വരകളിലൊതുക്കാന് ശ്രമിക്കുന്നതിലും വലിയ അബദ്ധമാണ്.
മണ്മറഞ്ഞ മഹാത്മാക്കളോടുള്ള അതിരു കടന്ന ബഹുമാനവും അവരെക്കുറിച്ചുള്ള പാവന സ്മരണകളുമാണ് വിഗ്രഹാരാധന കടന്നു വന്നതിനുള്ള മറ്റൊരു തുറയായി ഗണിക്കപ്പെടുന്നത്. യേശുക്രിസ്തു, ശ്രീനാരായണ ഗുരു, ശ്രീ കൃഷ്ണന് തുടങ്ങി പലരും ഈ രൂപത്തില് വിഗ്രഹവല്ക്കരിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നുണെ്ടങ്കിലും അതത്രകണ്ട് സത്യമാവണമെന്നില്ല. കാരണം ശ്രീ കൃഷ്ണന് മഹാഭാരതത്തിലെ ധര്മനിഷ്ടനായ ഒരു കഥാപത്രമായി ചിത്രീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രപശ്ചാത്തലം വ്യക്തമല്ല. ഒരു വശത്ത് ശുഭനാമങ്ങളുടെ വക്താക്കളും മറുവശത്ത് അശുഭാത്മാക്കളും (ദുര്യോധന്, ദുശ്ശാസനന്, ദുംശ്ശള തുടങ്ങി ചീത്ത എന്നര്ത്ഥമുള്ള ദുശ് എന്ന പദം ചേര്ന്ന) അവതരിപ്പിക്കപ്പെടുന്ന മഹാഭാരതത്തില് അണി നിരക്കുന്ന കഥാപാത്രങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാല് അതൊരു മികച്ച ഭാവനാ സൃഷ്ടിയാണെന്നു ബോധ്യമാവും. എന്നാല് ഭഗവദ്ഗീത വായിക്കുമ്പോള് ശ്രീ കൃഷ്ണനെന്ന ഒരു മഹാത്മാവിനെ വളരെ സമര്ത്ഥമായി മഹാഭാരത യുദ്ധത്തിലേക്ക് വിളിച്ചുവരുത്തിയതാണെന്നും തിരിച്ചറിയാനാവും. ഈ രണ്ടു വൈരുധ്യങ്ങള് അനുനയിപ്പിക്കുമ്പോള് കൃഷ്ണന്റെ വിഗ്രഹം ഒരു കഥാപാത്രത്തെയാണോ അതോ മണ്മറഞ്ഞ ഒരു മഹാത്മാവിനെയാണോ പ്രതിനിധീകരിക്കുന്നതെന്ന ആശയക്കുഴപ്പം ഉടലെടുക്കും.
എന്നാല് യേശുക്രിസ്തു വിഗ്രഹമായി മാറിയത് അമിത ബഹുമാനം കാരണമല്ല. അദ്ദേഹം ഏറ്റവും കൂടുതല് ആദരിക്കപ്പെട്ട ആദ്യകാലങ്ങളില് അവരുടെ പേരില് വിഗ്രഹങ്ങളുണ്ടായിട്ടില്ല. പില്ക്കാലത്ത് വിഗ്രഹാരാധകരായ വിജാതീയര് (റോം, ഗ്രീക്ക് തുടങ്ങിയ പ്രദേശത്തും മറ്റുമുള്ളവര്) കടന്നു വന്നപ്പോള് അവര് തങ്ങളുടെ വിഗ്രഹങ്ങളുടെ സ്ഥാനത്ത് യേശുവിനെ അവരോധിക്കുകയായിരുന്നു എന്നതാണ് പരമാര്ത്ഥം. ശ്രീ നാരായണ ഗുരുവിന്റെ വിഗ്രഹം ഒരു പരിധിവരെ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണെന്ന് കരുതപ്പെടാം.
വിഗ്രഹവല്ക്കരണം വഴി ഒരു മഹാത്മാവിന് അനശ്വരത നല്കാന് ശ്രമിക്കുകയെന്നത് ഏറ്റവും വലിയ അബദ്ധമാണ്. കാരണം അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനപ്പുറമുള്ള ആത്മീയ സാന്നിധ്യമാണ് അയാളുടെ ശക്തിവിശേഷങ്ങളുടെ ഉറവിടമെന്ന തിരിച്ചറിവാണ് ഇവിടെ നഷ്ടപ്പെടുന്നത്. കാരണം വിഗ്രഹം പ്രതിനീധീകരിക്കുന്നത് അയാളുടെ ശരീരപ്രകൃതിയെയാണ്. ആത്മാവിനെയല്ല. ഒരു വസ്തുവിനെ അതിന്റെ പാത്രത്തിന്റെ സമാനരൂപങ്ങളാല് പ്രതിനിധാനം ചെയ്യുന്നതിന് സമാനമാണിത്. മനുഷ്യശരീരവും ശില്പരൂപവും തമ്മിലുള്ള അന്തരം ഇതിനു പുറമെയും. എന്നാല് ഒരാളുടെ ശ്രേഷ്ടഠഗുണങ്ങള്, ആത്മീയ സാന്നിധ്യം, ജീവിത സ്വാധീനം എന്നിവ ഉള്ക്കൊള്ളുന്നതിലൂടെയാണ് അദ്ദേഹത്തിന് ആദരവും അംഗീകാരവും ലഭിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല് ആദരിക്കപ്പെടുകയും അനുധാവനം ചെയ്യപ്പെടുകയും ചെയ്യുന്ന മുഹമ്മദ് നബി(സ്വ)യുടെ ഒരു ചിത്രം പോലും പ്രവാചകന്റെ കാലശേഷം ഉണ്ടായിട്ടില്ല. ജനമനസ്സില് ഏക്കാലവും ആ പ്രവാചകന് അനശ്വരനായി തന്നെ വാഴുന്നു. മറ്റുപലരെയും അനുയായികള് ഇതുപോലെ ഉള്ളിലേറ്റാന് തയ്യാറാവത്തതു കൊണ്ടാണല്ലോ വിഗ്രഹ രൂപത്തില് വെളിയിലിറക്കി വെച്ചത്.
മനുഷ്യന് യാതൊരു ഉപകാരവും ഉപദ്രവവും വരുത്താന് കഴിയാത്ത കേവലം കല്ലുകള്ക്കു മുമ്പില് ബുദ്ധിയും വിചാരശേഷിയുമുള്ള മനുഷ്യന് തലകുനിക്കുകയെന്നത് ഏറ്റവും വലിയ ബുദ്ധിശൂന്യതയാണ്. നമുക്കു ചുറ്റുമുള്ള ദൃശ്യപ്രപഞ്ചത്തെ മുഴുവന് സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ് അല്ലാഹുവെങ്കില് ഒറു ചെറുപ്രാണിയെപോലും സൃഷ്ടിക്കാന് ദൈവമെന്ന പേരില് ആരാധിക്കപ്പെടുന്നവക്കൊന്നും സാധ്യമല്ല. ''നിശ്ചയം അല്ലാഹുവല്ലാതെ നിങ്ങള് ആരാധിക്കുന്നവക്ക് ഒരു പ്രാണിയെപ്പോലും പടക്കാന് സാധ്യമല്ല.'' (ഖു: 22:73) ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങള്ക്ക് സംസാരശേഷിയുണ്ടായിരുന്നെങ്കില് ആരാധകരോട് അവര് ശക്തമായി പ്രതിഷേധിക്കുമായിരുന്നു. അങ്ങനെ സംസാരശേഷി ലഭിച്ച് ആരാധകരെ തള്ളിപ്പറയുന്ന അന്ത്യനാളിലെ ഒരു ദൃശ്യം സൂറത്തുല് ബഖറയിലൊരിടത്ത് വരച്ചുകാട്ടുന്നുണ്ട്.