സമസ്ത 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി പുതുതായി 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10257 ആയി. കേരളം 3, കര്‍ണാടക 24, ആന്ധ്രപ്രദേശ് 45, ബീഹാര്‍ 16, വെസ്റ്റ് ബംഗാള്‍ 85, ആസാം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്‌റസകളുടെ എണ്ണം. കേരളത്തിന് പുറത്ത് ഹാദിയയുടെ കീഴില്‍ നടത്തിവന്നിരുന്ന മദ്‌റസകളാണ് ഇപ്പോള്‍ വിദ്യാഭ്യാസ ബോര്‍ഡിനുകീഴില്‍ അംഗീകരിച്ചത്.

കോളേജുകളുടെ പഠന സമയം രാവിലെ 8. 30 മുതല്‍ 1. 30 വരെയാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവില്‍ വെള്ളിയാഴ്ചയിലെ സമയത്തില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഈയിടെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി. കെ. എം സ്വാദിഖ് മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി മെമ്പര്‍ മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ടി ഹംസ മുസ്‌ലിയാര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍, എം. സി മായിന്‍ ഹാജി, കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari