വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കണം: SKMMA
ചേളാരി: കോവിഡ് 19ന്റെ വ്യാപനം മൂലം മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാവാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്റസ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി രക്ഷിതാക്കളോടും മദ്റസ കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജൂണ്‍ 1 മുതല്‍ രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പഠന സമയം. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാം ദിവസങ്ങളിലും ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. മദ്റസ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ലഭ്യമാക്കാന്‍ മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. കുട്ടികളുടെ പഠന സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും പുരോഗതി പരിശോധിക്കുന്നതിനും സംശയ നിവാരണത്തിനും സാദ്ധ്യമായ രീതിയില്‍ മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തണം. ആവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും ലഭ്യമാക്കാന്‍ മദ്റസ കമ്മിറ്റി ഭാരവാഹികള്‍ നടപടി സ്വീകരിക്കണം.
കോവിഡ് 19 ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari