ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പൊതുഗതാഗതവും, പരീക്ഷകളും, മൂല്യനിര്‍ണ്ണയ ക്യാമ്പുകളും, 50 പേര്‍ പങ്കെടുക്കുന്ന വിവാഹവും വ്യാപാര സ്ഥാപനങ്ങളും നടത്താന്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളില്‍ ആരാധനകള്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന പക്ഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റികളെ അറിയിക്കുവാന്‍ വ്യക്തമായ രൂപരേഖ യോഗം അംഗീകരിച്ചു.

ടൗണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മാത്രം പള്ളികള്‍ തുറക്കുക, രോഗികള്‍, കുട്ടികള്‍ മുതലായവരെ ഒഴിവാക്കി ആരോഗ്യവാന്മാര്‍ക്ക് മാത്രം പ്രവേശനം നല്‍കുക. തെര്‍മ്മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക്ക് ധരിക്കല്‍ മുതലായവ ഉറപ്പുവരുത്തി മാത്രം പ്രവേശനം അനുവദിക്കുക. ഹൗള് ഉപയോഗിക്കാതെ ടാപ് മാത്രം ഉപയോഗിക്കുക, പരമാവധി വീട്ടില്‍നിന്ന് അംഗശുദ്ധിവരുത്തി പള്ളിയിലെത്തുക, ബാങ്കിന് അഞ്ച് മിനിട്ട് മുമ്പ് മാത്രം തുറക്കുകയും തുടര്‍ന്ന് 10 മിനിട്ടിനകം ആരാധനാകര്‍മ്മം നിര്‍വ്വഹിച്ച് പള്ളി അടച്ച് കൂട്ടം കൂടാതെ ഉടന്‍ പിരിഞ്ഞ് പോവുക, അതാത് മഹല്ലിലെ സ്ഥിരതാമസക്കാരായ പരിചയമുള്ളവരെ മാത്രം പ്രവേശിപ്പിക്കുക, പള്ളിക്കകത്ത് സാമൂഹ്യ അകലം പാലിക്കുക, സമയാസമയങ്ങളില്‍ അണുമുക്തമാക്കുക, വിസ്തൃതിക്കനുസരിച്ച് പ്രവേശിക്കാവുന്നവരുടെ എണ്ണം നിര്‍ണ്ണയിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കുവാനും പരിശോധിക്കുവാനും അതാത് മഹല്ലിലെ മുസ്‌ലിം ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സമിതി രൂപീകരിക്കുക, നിബന്ധനകള്‍ അംഗീകരിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറുള്ള മഹല്ല് കമ്മിറ്റികള്‍ക്കും നിസ്‌കാര പള്ളികള്‍ക്കും മാത്രം അനുമദി നല്‍കുക തുടങ്ങിയ ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങള്‍ മഹല്ലുകളെ അറിയിക്കാന്‍ തയ്യാറാക്കിയതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതാണ്.

ശുചിത്വവും, വൃത്തിയും പാലിച്ച് മാത്രം നിര്‍വ്വഹിക്കാവുന്ന ജുമുഅ, ജമാഅത്തുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ തയ്യാറാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്. എം. എഫ്) പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

യോഗത്തില്‍ എസ്. എം. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ. ഉമ്മര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, തോന്നക്കല്‍ ജമാല്‍, എസ്. എം. എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ. കെ ആലിപ്പറമ്പ്, ജില്ലാ സെക്രട്ടറിമാരായ കല്ലട്ര അബ്ബാസ് ഹാജി കാസര്‍ഗോഡ്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, പി. സി ഇബ്രാഹീം ഹാജി വയനാട്, വി. എ. സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, കെ. കെ. ഇബ്രാഹീം ഹാജി എറണാകുളം, നൗഷാദ് കൊടക്കാട് ആലപ്പുഴ, കെ. ബി അബ്ദുല്‍ അസീസ് ഇടുക്കി, സിറാജ് വെള്ളാപ്പിള്ളി പത്തനംതിട്ട, മഅ്മൂന്‍ ഹുദവി കോട്ടയം, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം, ഹസ്സന്‍ ആലംകോട് എന്നിവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും സെക്രട്ടറി സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION