ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
സെക്രട്ടറിയേറ്റ് സംഗമത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കലക്ട്രേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമങ്ങള്‍ നടക്കുക. കോവിഡ് നിയന്ത്രണങ്ങളില്‍ പലകാര്യങ്ങള്‍ക്കും കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കെ ജുമുഅ നിസ്കാരത്തിന് ആവശ്യമായ എണ്ണം വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ്, കലക്ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് മുമ്പില്‍ പ്രതിഷേധ സംഗമം നടത്താന്‍ യോഗം തീരുമാനിച്ചത്.
സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പോഷക സംഘടനാ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം മോയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, യു. മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ. നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
മലപ്പുറം: കോവിഡ് - 19 നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കു മ്പോഴും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആയതിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റുചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി ഉണ്ടാവണം.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ഇന്ന് (13-07-2021) ഉച്ചക്ക് 1 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.
- Samasthalayam Chelari
ചേളാരി: സംസാരവും കേള്‍വിയും ഇല്ലാത്തവര്‍ക്ക് ആംഗ്യഭാഷയിലുള്ള സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഇന്ന് (സെപ്തംബര്‍ 5) മുതല്‍ സംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ഇതാദ്യമായാണ് ആംഗ്യ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1,46,712 ബധിരരുണ്ടെന്നാണ് കണക്ക്. കോവിഡ്-19 പശ്ചാത്തലത്തില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നപോലെ 2020 മാര്‍ച്ച് മാസം മുതല്‍ അന്ധ-ബധിര വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. സകൂള്‍-മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനാവസരം ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിന് അവസരം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇവര്‍ക്ക് ആശ്വാസമായി എത്തിയത്. ഇന്നു മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന്റെ ഭാഗമായി ആംഗ്യഭാഷയിലുള്ള ക്ലാസുകളും സംപ്രേഷണം ചെയ്യും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്സ് ബുക്കിലും ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. 2020 ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഇതിനകം 15 കോടിയോളം പഠിതാക്കള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്ക്. ഓണ്‍ലൈന്‍ പഠന രംഗത്ത് ചരിത്രം സൃഷ്ടിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയതിലൂടെ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൂടി പഠനം സാധ്യമാവുന്ന വിധം ശബ്ദം നല്‍കിയാണ് ആംഗ്യ ഭാഷാ ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സ്ഥാപിച്ച സ്റ്റുഡിയോവില്‍ വെച്ചാണ് ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്യുന്നത്. ആംഗ്യ ഭാഷയിലെ ഓണ്‍ ലൈന്‍ പഠന ക്ലാസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
- Samasthalayam Chelari
ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ക്ലാസ് തുടങ്ങുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ അന്ധ-ബധിര-മൂക വിദ്യാലയങ്ങള്‍ തുറുന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം സാദ്ധ്യമാവാത്തതിനാലാണ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമസ്ത ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വഴി മദ്റസ പഠനം സാദ്ധ്യമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തുന്നത്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ മദ്റസ ക്ലാസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. ആകൃതിയിലും സ്വഭാവങ്ങളിലുമുള്ള വൈജാത്യം കാണാം. പഠന രീതിയും വ്യത്യസ്തമാണ്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം.എ ചേളാരി, കബീര്‍ ഫൈസി ചെമ്മാട് സംബന്ധിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും വി. മുഹമ്മദുണ്ണി കാരച്ചാല്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരി മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഫസലുറഹ്മാന്‍ അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്.
സെപ്തംബര്‍ 5 മുതല്‍ രാവിലെ 9 മണിക്ക് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബിലും, മൊബൈല്‍ ആപ്പിലും, ഫെയ്സ് ബുക്കിലും, ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ മദ്റസ പഠനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയത് വഴി മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ്.
- Samasthalayam Chelari
കോഴിക്കോട്: സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അറബി, ഉറുദു തുടങ്ങിയ ഭാഷകളാടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നിന് ആരംഭിച്ചിട്ട് ഇതുവരെ അറബിയുടെ ഒരു ക്ലാസ്സു പോലും നടക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇതുവരെയായി അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ യഥാക്രമം 3, 3, 4, 2 ക്ലാസ്സുകള്‍ മാത്രമാണ് നടന്നത്. മറ്റു ക്ലാസ്സുകളില്‍ ഒന്നു പോലും നടന്നിട്ടില്ല. ഉറുദു ക്ലാസ്സുകളും ചില ക്ലാസ്സുകളില്‍ ഇതുവരെ ഒന്നുപോലും നടന്നിട്ടില്ല. എന്നാല്‍ ആനുപാതികമായി ഭാഷാ പഠനത്തിന്റെ പകുതി മാത്രം ക്ലാസ്സുകള്‍ വേണ്ട മറ്റു വിഷയങ്ങള്‍ കൂടുതലായി പഠിപ്പിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷയെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അതിന് പശ്ചാത്തലമൊരുക്കുന്ന രീതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുവേണ്ടി ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
- Samasthalayam Chelari
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം ഉണ്ടായിരിക്കെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയില്‍ ജുമുഅ:ക്ക് 40 പേരെ പരിമിതിപ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
04-06-2020 ന് കേന്ദ്രസര്‍ക്കാറും 05-06-2020 ന് സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് കോവിഡ്-19 നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ലാ കലക്ടര്‍ 20-08-2020ന് ഇറക്കിയ DC KKD/4545/F4 ഉത്തരവില്‍ കോഴിക്കോട് ജില്ലയില്‍ 40 പേരെ പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅ:ക്ക് കോഴിക്കോട് ജില്ലയിലും 100 പേര്‍ക്ക് അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari
തൃശ്ശൂർ: കോവിഡ് 19 മഹാമാരിയിൽ അകപ്പെട്ടു ജോലി നഷ്ടപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരുമായ
പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ
പലരുടെയും സഹായത്താലും ത്യാഗം ചെയ്തും
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിൽ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് തിരുത്തണമെന്നും ആവശ്യപെട്ട്കൊണ്ട്
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി.
സമസ്ത തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം ധർണ ഉദ്ഘാടനം ചെയ്തു.
വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ല. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്തിട്ടില്ലാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച
വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. ഈ ഘട്ടത്തിൽ വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർട്ടേഡ് സർവിസ് നടത്തിയത്.
നോർക്ക മുൻകയ്യെടുത്ത് വിവിധ സംഘടനകളെ ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള ലളിതമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.
എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷഹീർ ദേശമംഗലം മുഖ്യപ്രഷണം നടത്തി. എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അവർക്ക് നാട്ടലെത്താനുള്ള വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സൗജന്യ ക്വാറൻ്റയിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ജൂണ്‍ 1 (1441 ശവ്വാല്‍ 9) മുതല്‍ തുങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളുടെ ഒന്നാം ഘട്ടം ഇന്നലയോടെ (22-06-2020) പൂര്‍ത്തിയായി. ഇന്നലത്തെത് (23-06-2020) ഒന്നാം ഘട്ട ക്ലാസുകളുടെ റിവിഷനും അവലോകനുമാണ്. നാളെ(24-06-2020) മുതല്‍ രണ്ടാം ഘട്ട ക്ലാസുകള്‍ തുടങ്ങും. അവതരണ രീതിയിലും സാങ്കേതിക വിദ്യയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം ഘട്ട ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ളവര്‍ക്ക് പുറമെ പുതുതായി ഉള്‍പ്പെടുത്തിയ അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 36 അംഗ വിദഗ്ദ സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
രണ്ടാം ഘട്ട ക്ലാസുകള്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് സ്വാഗതവും, മുസ്തഫ ഹുദവി കൊടുവള്ളി നന്ദിയും പറഞ്ഞു.
സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, വെബ്‌സൈറ്റ്, ആപ് എന്നിവ വഴിയും ദര്‍ശന ചാനല്‍ വഴിയുമാണ് ക്ലാസുകള്‍ ലഭ്യമാവുന്നത്. വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ് സമയം. ദര്‍ശന ടി.വിയില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ദിവസവും രാവിലെ 7.00 മണി മുതല്‍ 11.15 വരെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ജര്‍മനി, ഇന്തോനേഷ്യ, മാലിദ്വീപ്, കാനഡ, നെതര്‍ലാന്റ്, ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, ഇറ്റലി, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, ബെല്‍ജിയം, ഉക്രൈന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, ജപ്പാന്‍, ന്യൂസിലാന്റ്, ബ്രൂണൈ, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ബ്രസീല്‍, പെസ്‌നി, സ്‌പെയിന്‍, മൊസാമ്പിക്, സൗത്ത് ആഫ്രിക്ക, ഹങ്കറി, ലക്‌സംബര്‍ഗ്, റൊമാനിയ, താല്‍സാനിയ, ബിലാറസ്, വിയറ്റ്‌നാം, കെനിയ, സോമാലിയ, കോങ്കോ, മാള്‍ഡോവ തുടങ്ങി 49 ഓളം രാജ്യങ്ങളിലെ 4.5 കോടിയിലധികം പേര്‍ 19 ദിവസത്തെ ക്ലാസുകള്‍ വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10257 മദ്‌റസകളിലെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പഠനത്തിനായി ക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
- Samasthalayam Chelari
കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഗൗരവത്തിലെടുക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നവീന സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അതിജയിക്കാന്‍ നമുക്കാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകളടക്കമുള്ള പഠന സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സ്ഥാപന ഭാരവാഹികളും അധ്യാപകരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.
ചേളാരി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വന്ദേഭാരത് മുഖേന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും തിരിച്ചുവരാന്‍ ആയിരങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരിക്കുകയാണെന്നും ആയതിന് അടിയന്ത്രിര പരിഹാരമുണ്ടാക്കി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari
റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർകുണ്ടാകുകയെന്നു സർക്കാർ വ്യക്തമാക്കണം. തീർത്തും വിവേചന പരവും നിരുത്തരവാദിത്ത പരവുമായ സമീപനമാണ് കേരള സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന പ്രസ്‌താവനയിലൂടെ പുറത്ത് വന്നത്. ഇത് തീർത്തും രാഷ്ട്രീയ ലക്‌ഷ്യം വെച്ചും ദുരുദ്ദേശപരമായ സമീപനങ്ങളിലൂടെയുമാണ് ഇങ്ങനെ ഒരു രീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും എസ്‌ഐസി കുറ്റപ്പെടുത്തി.
ചേളാരി: കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്. 2020 ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ യൂട്യൂബില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദര്‍ശന ടീവിയില്‍ ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പതിനായിരങ്ങള്‍ ദിവസവും ക്ലാസുകള്‍ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്. ഒന്നു മുതല്‍ പ്ലസ്ടൂ വരെ ക്ലാസുകളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദര്‍ശന ചാനലില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.
കോഴിക്കോട്: മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വെച്ചുള്ള ജുമുഅ: നിസ്‌കാരം നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ജുമുഅ: നിസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ജുമുഅ: നിസ്‌കാരം ഇരുസര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നിര്‍വ്വഹിക്കണം. ഒരു പള്ളിയില്‍ ആളുകളുടെ എണ്ണം 100 ല്‍ പരിമിതപ്പെടുത്തിയത് കൊണ്ട് നൂറിന് പുറത്തുള്ളവര്‍ക്ക് അതേ മഹല്ലിലെ നിസ്‌കാരപള്ളികളിലും സൗകര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജുമുഅ: നിര്‍ബന്ധമില്ലാത്തതിനാല്‍ ളുഹ്‌റ് നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ മതിയാവുന്നതാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
ചേളാരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ഇരുസര്‍ക്കാരുകളുടെയും നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് ജുമുഅ: ജമാഅത്ത് നിര്‍വ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചു.
രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇത് വരെ പള്ളികള്‍ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നത്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്. മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതുമാണ്.
ചേളാരി: 2020 ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹല്ലു കമ്മിറ്റികള്‍ക്ക് സര്‍ക്കാരിന്റെ നിബന്ധനകളും മറ്റും ഉള്‍ക്കൊള്ളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസി, ഖത്തീബ്, ഇമാം, മഹല്ല് നിവാസികള്‍ എന്നിവര്‍ക്ക് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അടക്കമുള്ള മത സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും മത നേതാക്കന്മാര്‍ സമര്‍പ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സ്വാഗതം ചെയ്തു. പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്ത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇത് സംബന്ധമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച് കൊടുക്കുന്നതിനുള്ള സര്‍ക്കുലര്‍ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം ചില സുപ്രധാന കാര്യങ്ങള്‍ കൂടി മഹല്ലുകള്‍ പാലിക്കണമെന്നാണ് സര്‍ക്കുലര്‍ വഴി ബോധവല്‍ക്കരിക്കുന്നത്.
ചേളാരി: റമസാന്‍ അവധി കഴിഞ്ഞ് മദ്‌റസ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ ലൈന്‍ മദ്‌റസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അദ്ധ്യയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഇന്നലെ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.
രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പെങ്കടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രമായി.
ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.
മദ്‌റസ അദ്ധ്യയന വര്‍ഷവും സ്‌കൂള്‍ അദ്ധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വര്‍ഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡണ്‍ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതലുള്ള മദ്‌റസ-സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനം അനുഗ്രമായി.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
ഓണ്‍ലൈന്‍ മദ്‌റസ ഇന്നത്തെ വിഷയക്രമം: ഒന്നാം ക്ലാസ്-തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്നാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, നാലാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, അഞ്ചാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ആറാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴാം ക്ലാസ് - ഖുര്‍ആന്‍, താരീഖ്, എട്ടാം ക്ലാസ് - ഫിഖ്ഹ്, ഒമ്പതാം ക്ലാസ് - താരീഖ്, പത്താം ക്ലാസ് - ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍ - ഫിഖ്ഹ്, പ്ലസ്ടു - തഫ്‌സീര്‍.
ദര്‍ശന ടി.വി: എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 7.15 വരെ ഖുര്‍ആന്‍. പ്ലസ്ടു: 7.15 മുതല്‍ 7.35 വരെ. പ്ലസ്‌വണ്‍: 7.35 മുതല്‍ 7.55 വരെ. പത്താം ക്ലാസ്: 7.55 മുതല്‍ 8.15 വരെ. ഒന്നാം ക്ലാസ്: 8.15 മുതല്‍ 8.35 വരെ. രണ്ടാം ക്ലാസ്: 8.35 മുതല്‍ 8.55 വരെ. മൂന്നാം ക്ലാസ്: 8.55 മുതല്‍ 9.15 വരെ. നാലാം ക്ലാസ്: 9.15 മുതല്‍ 9.35 വരെ. അഞ്ചാം ക്ലാസ്: 9.35 മുതല്‍ 9.55 വരെ. ആറാം ക്ലാസ്: 9.55 മുതല്‍ 10.15വരെ. ഏഴാം ക്ലാസ്: 10.15 മുതല്‍ 10.35വരെ. എട്ടാം ക്ലാസ്: 10.35 മുതല്‍ 10.55 വരെ. ഒമ്പതാം ക്ലാസ്: 10.55 മുതല്‍ 11.15 വരെ.
- Samasthalayam Chelari
ചേളാരി: കോവിഡ് 19ന്റെ വ്യാപനം മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാവാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി രക്ഷിതാക്കളോടും മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജൂണ്‍ 1 മുതല്‍ രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പഠന സമയം. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാം ദിവസങ്ങളിലും ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. മദ്‌റസ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. കുട്ടികളുടെ പഠന സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും പുരോഗതി പരിശോധിക്കുന്നതിനും സംശയ നിവാരണത്തിനും സാദ്ധ്യമായ രീതിയില്‍ മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തണം. ആവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ നടപടി സ്വീകരിക്കണം.
ചേളാരി: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നാടിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികള്‍. കോവിഡ്-19 മൂലം വിദേശങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അവരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടി ഒഴിവാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari