സമസ്ത ഓണ്‍ലൈന്‍ മദ്‌റസ, 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്

ചേളാരി: കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്. 2020 ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ യൂട്യൂബില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദര്‍ശന ടീവിയില്‍ ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പതിനായിരങ്ങള്‍ ദിവസവും ക്ലാസുകള്‍ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്. ഒന്നു മുതല്‍ പ്ലസ്ടൂ വരെ ക്ലാസുകളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദര്‍ശന ചാനലില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.

അവതരണ മികവിലും സാങ്കേതിക വിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്നതാണ് സമസ്തയുടെ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളെന്ന് അക്കാദമിക സമൂഹം ഇതിനകം വിലയിരുത്തിയിട്ടുണ്ട്. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയാണ് നിലവിലുള്ള രീതിയില്‍ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഉണ്ടാവുക. ഓരോ മദ്‌റസയിലും അധ്യാപകരുടെ മോണിറ്ററിംഗും രക്ഷിതാക്കളുടെ ഇടപെടലും പഠനം കാര്യക്ഷമമാക്കാന്‍ സഹായകമാകുന്നുണ്ട്. മുഫത്തിശുമാര്‍ക്കാണ് റെയ്ഞ്ച്തല മോണിറ്ററിംഗിന്റെ ചുമതല. ഇന്ത്യക്കു പുറമെ വിവിധ രാജ്യങ്ങളില്‍ സമസ്തയുടെ 10004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകമാണ് ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍.
- Samasthalayam Chelari