ദാറുല്‍ഹുദായില്‍ പുതിയ ഫാക്കല്‍റ്റികള്‍ക്ക് അനുമതി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശായില്‍ പിജി തലത്തില്‍ പുതിയ ഫാക്കല്‍റ്റികള്‍ (കുല്ലിയ്യ) സംവിധാനിക്കാന്‍ സെനറ്റ് യോഗത്തില്‍ അനുമതി നല്‍കി. അഞ്ച് ഫാക്കല്‍റ്റികളായി പത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ സംവിധാനിക്കുന്നത്. കുല്ലിയ്യ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്നഃക്ക് കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആിനിക് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, കുല്ലിയ്യ ഓഫ് ഉസ്വൂലുദ്ദീനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍, കുല്ലിയ്യ ഓഫ് റിലീജ്യന്‍ ആന്‍ഡ് സൊസൈറ്റിക്കു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപാരറ്റീവ് റിലീജ്യന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ്, കുല്ലിയ്യ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌ലേഷന്‍ എന്നിങ്ങനെയാണ് പുതുതായി സംവിധാനിച്ച കുല്ലിയ്യകളു ഡിപ്പാര്‍ട്ട്‌മെന്റുകളും.

കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഡിഗ്രി തലത്തില്‍ കൂടി സംവിധാനിക്കാനും വാഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗിനു കീഴില്‍ പെണ്‍കുട്ടികളുടെ മതപഠനത്തിനായുള്ള അഞ്ച് വര്‍ഷത്തെ മഹ്ദിയ്യ കോഴ്‌സിനു കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാനും ധാരണയായി. യു.ജി സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ അക്രഡിറ്റേഷന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു സെനറ്റ് യോഗം. ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് കൂടിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ കൂടിയായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറിമാരായ യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ് എന്നിവരടക്കം 43 സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
- Darul Huda Islamic University