സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം ലക്ഷ്യബോധമുള്ള വിദ്യാഭ്യാസം മാത്രം: ഡോ. പി. സരിന്‍

ഒറ്റപ്പാലം: സാമൂഹികവും സാമൂദായികവുമായ പിന്നോക്കാവസ്ഥക്ക് ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസം മാത്രമാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക വിദ്യാഭ്യാസ വിചക്ഷകനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. പി. സരിന്‍ അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പുതിയ സംരഭം 'ട്രന്റ് ടോക്കി' ന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള പല തൊഴില്‍ മേഖലകളും മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറി മാറി വരുന്ന ട്രന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന തലമുറകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാല്‍ ഇനി അത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വരും കാലത്തെ ട്രന്റ് എന്തെന്ന് മനസ്സിലാക്കി അതിന് മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്ന വിധം മാറ്റത്തെ വിലയിരുത്താന്‍ പറ്റുന്ന രീതിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും ഒരുക്കി എടുക്കേണ്ടതുണ്ടെന്നും ഈ ലക്ഷ്യത്തിന് വേണ്ടിയാണ് എസ്. കെ. എസ്. എസ്. എഫും ട്രന്‍ഡും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ട്രന്റ് ടോക്ക്' ഈ ലക്ഷ്യത്തിന് വലിയ മുതല്‍ കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് മീഡിയാ വിംഗിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഷഹീര്‍ ദേശമംഗലം, ട്രന്റ് ടോക്ക് കോര്‍ഡിനേറ്ററും ട്രന്റ് സംസ്ഥാന സമിതി അംഗവുമായ മാലിക്ക് ചെറുതുരുത്തി, ദേശമംഗലം മേഖലാ പ്രസിഡന്റ് സി. എ ഇബ്രാഹിം എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ തൊഴില്‍ സംബന്ധമായ വ്യത്യസ്ത പരിപാടികളുമായി ട്രന്റ് ടോക്ക് എല്ലാ വെള്ളിയാഴ്ചകളിലും എസ്. കെ. ഐ. സി. ആര്‍ യൂറ്റൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ലഭ്യമാകുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആദ്യ എപ്പിസോഡില്‍ ട്രന്‍ഡ് സ്ഥാപക ഡയറക്ടര്‍ എസ് വി മുഹമ്മദലി വിഷയമവതരിപ്പിച്ചു.


എസ്. കെ. എസ്. എസ്. എഫ് ട്രന്‍ഡിന്റെ പുതിയ സംരംഭമായ ട്രന്‍ഡ് ടോക്കിന്റെ ലോഞ്ചിംഗ് ഡോ. സരിന്‍ നിര്‍വ്വഹിക്കുന്നു. ഷഹീര്‍ദേശമംഗലം, മാലിക്ക് ചെറുതുരുത്തി എന്നിവര്‍ സമീപം.
- SKSSF STATE COMMITTEE