"അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു" SKSSF കാംപയിന്‍ ഡിസം. 6 ന് മമ്പുറത്ത് തുടക്കം

കോഴിക്കോട്: പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും വിദ്യാഭ്യാസ തൊഴില്‍ മേഖലയുടെ വീണ്ടെടുപ്പിന് പുതു തലമുറയെ പ്രാപ്തമാക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡിസംബർ ആറിന് തുടക്കമാവും. നീതി നിഷേധങ്ങൾക്കെതിരായ പോരാട്ടത്തിന് ചരിത്രത്തിൽ അതുല്യ മാതൃക തീർത്ത മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്താണ് ഉദ്ഘാടന സമ്മേളനം നടക്കുക. ഞായറാഴ്ച കാലത്ത് 9.30 ന് പ്രത്യേകം സംവിധാനിച്ച വേദിയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തിൽ ഡിസംബര്‍ ആറ് മുതല്‍ ജനുവരി 26 വരെയാണ് കാംപയിന്‍. ജില്ലാ, മേഖലാ പ്രചാരണ പരിപാടികൾ, ക്ലസ്റ്റര്‍ തല സെമിനാറുകളും ശാഖാ തല പ്രമേയ പ്രഭാഷണങ്ങളും കാംപയിന്‍ കാലയളവില്‍ നടക്കും.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ നടക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മേഖലാ കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് സമാപിക്കും.

കാംപയിന്റെ മുന്നോടിയായുള്ള സംസ്ഥാന തല ശില്പശാല സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ ഫൈസൽ, സത്താർ പന്തലൂർ, സ്വാദിഖ് ഫൈസി താനൂർ വിഷയാവതരണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE