S.I.C വിഖായ ആശ്രയം ഹെൽപ് ഡെസ്‌ക് പതിനായിരങ്ങൾക്ക് ആശ്വാസമേകുന്നു

റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സഊദി ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വിഖായ ആശ്രയം ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തനം പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു. സഊദിയിൽ മൂന്നു സോണുകളിലായി പ്രവർത്തിക്കുന്ന ആശ്രയം ഹെൽപ്പ് ഡെസ്‌ക് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ജിദ്ധ, റിയാദ്, ഈസ്റ്റേൺ എന്നീ സോണുകളിൽ നാൽപതോളം സെന്റർ കമ്മിറ്റികളിൽ ആരോഗ്യം, മെഡിക്കൽ, ലീഗൽ എന്നീ വിഭാഗങ്ങളിലായാണ് പ്രവർത്തനം.

കൊവിഡ്19 വൈറസ് ബാധ മൂലം ലോക്ഡൗണിലായി തൊഴിൽ നഷ്ടപ്പെടുകയും ജോലിക്ക് പോവാൻ സാധിക്കാതെ റൂമുകളിൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ കഴിയുന്ന തങ്ങളുടെ സുഹൃത്തുക്കൾക് കൈതാങ്ങായി സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവര്‍ത്തകർ ഭക്ഷണ കിറ്റ് വിതരണം, മെഡിക്കൽ സഹായം, മാനസിക സംഘർഷം കുറക്കാൻ കൗൺസിലിങ് തുടങ്ങിയ വിവിധ തലങ്ങളിലെ സേവനങ്ങളാണ് ചെയ്‌തു കൊണ്ടിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ പതിനായിരത്തോളം വരുന്ന പ്രവർത്തകരുടെ ഡാറ്റ കളക്ഷൻ നടത്തിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഭക്ഷണ, സാമ്പത്തിക, ജോലി വിവരങ്ങൾ മുഴുവൻ ഡാറ്റ ബേസ് ആയി ശേഖരിച്ചു നിരന്തരം അവരെ ഗ്രൂപ്പുകളാക്കി വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം അനുഭവപ്പെട്ടവർക്കു പ്രഗത്ഭരുടെ ക്ലാസുകൾ നടത്തി വരുന്നു. ഇത് പ്രവർത്തകർക്കിടയിൽ ഒരു പാട് ആശ്വാസം നൽകാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് പോകാൻ അത്യാവശ്യമുള്ളവർക്ക് എംബസ്സിയിൽ രജിസ്റ്റർ ചെയ്യാനുള്ള സഹായവും ഇക്കാമ പാസ്പോർട്ട് തുടങ്ങിയവയിലുള്ള എല്ലാ വിധ നിയമപരമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആശ്രയം പദ്ധതിയുടെ കീഴിൽ നാടാണ് വരുന്നുണ്ട്. ഇതോടൊപ്പം പ്രവാസികളായ പല കുടുംബങ്ങളിലും പട്ടിണിയാണെന്നു നാട്ടിൽ അവരുടെ വീടുകളിലേക്കും സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. ഭക്ഷണ കിറ്റുകളുമായി പ്രവര്‍ത്തകർ ആവശ്യക്കാരുടെ അരികിലെത്തുമ്പോൾ അവരിൽ കാണുന്ന സന്തോഷവും കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയും ഏറെ പ്രചോദനവും അവർക്കൊരു കൈതാങ്ങാവാൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾക്കതിയായ സന്തോഷവും നൽകുന്നുവെന്ന് പ്രവർത്തകർ പറയുന്നു.

അത്യാവശ്യ മരുന്നുകൾ സംഘടിപ്പിച്ചു നൽകുകയും നാട്ടിൽ നിന്നും DHL വഴി മരുന്ന് എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. നാഷണൽ തലത്തിൽ സൈദുഹാജി മദീന ചെയർമാനായും ബഷീർ ബാഖവി കൺവീനറായുമുള്ള ആശ്രയം ഹെൽപ് ഡസ്കിന് നാഷണൽ തലത്തിൽ അലവികുട്ടി ഒളവട്ടൂർ (മെഡിക്കൽ), അബൂബക്കർ ഫൈസി വെള്ളില (ഭക്ഷണം), സുബൈർ ഹുദവി (ലീഗൽ ) എന്നിവരാണ് നേതൃത്വം നൽകുന്നത്. കൊവിഡ് ലക്ഷണമുള്ളവർക്ക് സഹായവും ചെയ്‌തു കൊടുക്കുന്നുണ്ട്. കോൺസുലേറ്റിൽ നിന്ന് അംഗീകാരപത്രം ലഭിച്ച വിഖായ വളണ്ടറിയർമാർ രംഗത്തുള്ളത് വളരെ ശ്രദ്ധേയമാണ്. സഹായങ്ങൾക്ക് സൈദു ഹാജി മദീന 0553535773 ബഷീർ ബാഖവി ദമാം 0501 813697 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
- abdulsalam