പള്ളികളില്‍ ആരാധന: സമസ്ത മഹല്ലുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി

ചേളാരി: 2020 ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹല്ലു കമ്മിറ്റികള്‍ക്ക് സര്‍ക്കാരിന്റെ നിബന്ധനകളും മറ്റും ഉള്‍ക്കൊള്ളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസി, ഖത്തീബ്, ഇമാം, മഹല്ല് നിവാസികള്‍ എന്നിവര്‍ക്ക് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

നിര്‍ദ്ദേശങ്ങള്‍

1) 2020 ജൂണ്‍ 8ന് പള്ളികള്‍ അണുവിമുക്തമാക്കേണ്ടതും പള്ളിയും പരിസരവും ശുചീകരണം നടത്തേണ്ടതുമാണ്.

2) ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച അകലം പാലിച്ച് ഒരു സമയത്ത് മഹല്ല് നിവാസികളായ 100ല്‍ അധികരിക്കാത്ത ആളുകളെ പിരിമിതപ്പെടുത്തേണ്ടതാണ്.

3) രോഗവ്യാപനത്തിന് കൂടുതല്‍ സാദ്ധ്യതയുള്ളതിനാല്‍ 65 വയസ്സിന് മീതെയുള്ളവരും 10 വയസ്സിന് താഴെയുള്ളവരും ആരാധനാലയങ്ങളില്‍ പങ്കെടുക്കരുതെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്.

4) രോഗികളോ, രോഗ ലക്ഷണമുള്ളവരോ പള്ളിയില്‍ വരുന്നത് ഒഴിവാക്കേണ്ടതാണ്.

5) പള്ളിയിലേക്ക് വരുമ്പോഴും പോവുമ്പോഴും ആരാധന സമയത്തും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ്.

6) പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ചോ മറ്റോ കൈകള്‍ കഴുകേണ്ടതാണ്.

7) നിസ്‌കരിക്കാനാവശ്യമായ വിരി, ഖുര്‍ആന്‍ പാരായണത്തിനാവശ്യമായ മുസ്ഹഫ് എന്നിവ സ്വന്തമായി കൊണ്ടുവരേണ്ടതും ആവശ്യം കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടു പോവേണ്ടതുമാണ്.

8) ഹൗളുകള്‍ ഒഴിവാക്കി വീടുകളില്‍ നിന്നോ പള്ളികളില്‍ സ്ഥാപിച്ച ടാപ്പില്‍ നിന്നോ അംഗശുദ്ധി വരുത്തേണ്ടതാണ്.

9) പള്ളിയില്‍ വരുന്നവരുടെ പേരും ഫോണ്‍ നമ്പറും ക്രമപ്രകാരം രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ ആവശ്യമായ രജിസ്തര്‍ വെക്കണം. എഴുതാനുള്ള പേന സ്വന്തമായി കരുതേണ്ടതാണ്.

10) 'ഹസ്ത ദാനം' പോലെയുള്ള പര സ്പര്‍ശം ഒഴിവാക്കേണ്ടതാണ്.

11) ജുമുഅ ഉള്‍പ്പെടെ എല്ലാ നിസ്‌കാരവും, സുന്നത്തുകളും, ആദാബുകളും പാലിച്ച് സമയം പരിമിതപ്പെടുത്തി നിര്‍വ്വഹിക്കേണ്ടതും കൂട്ടം കൂടാതെ വേഗത്തില്‍ പിരിഞ്ഞുപോവേണ്ടതുമാണ്.

12) എയര്‍കണ്ടീഷന്‍ ഉപയോഗം 24-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയായി പരിമിതപ്പെടുത്തുക.

13) റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നീക്കുന്നത് വരെ തല്‍സ്ഥിതി തുടരണം.

14) സര്‍ക്കാര്‍ നിശ്ചയിച്ച പരിധിയില്‍ കവിഞ്ഞ് ജനങ്ങള്‍ ഉള്ള മഹല്ലുകളില്‍ ഇപ്പോഴത്തെ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം നിസ്‌കാരപള്ളികള്‍, മദ്‌റസകള്‍, മത സ്ഥാപനങ്ങള്‍ തുടങ്ങി മഹല്ല് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ കമ്മിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മഹല്ലിലെ എല്ലാവര്‍ക്കും ജുമുഅഃ ലഭിക്കത്തക്ക വിധം നിബന്ധനകള്‍ ഒത്ത 40ല്‍ കുറയാത്ത ആളുകളെ പങ്കെടുപ്പിച്ച് ആവശ്യാനുസരണം മാത്രം ജുമുഅ: നടത്തേണ്ടതാണ്.

15) മഹല്ല് നിവാസികളുടെ അറിവിനുവേണ്ടി മേല്‍നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

എന്ന്,
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ (ഒപ്പ്) (പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് (ഒപ്പ്) (വൈസ് പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (ഒപ്പ്) (ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്) (സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)
- Samasthalayam Chelari