പ്രവാസികളെ കുരുതി കൊടുക്കരുത്: SKSSF തൃശ്ശൂർ

തൃശ്ശൂർ: കോവിഡ് 19 മഹാമാരിയിൽ അകപ്പെട്ടു ജോലി നഷ്ടപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരുമായ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ പലരുടെയും സഹായത്താലും ത്യാഗം ചെയ്തും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിൽ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് തിരുത്തണമെന്നും ആവശ്യപെട്ട്കൊണ്ട് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി. സമസ്ത തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം ധർണ ഉദ്ഘാടനം ചെയ്തു.

വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ല. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്തിട്ടില്ലാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. ഈ ഘട്ടത്തിൽ വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർട്ടേഡ് സർവിസ് നടത്തിയത്. നോർക്ക മുൻകയ്യെടുത്ത് വിവിധ സംഘടനകളെ ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള ലളിതമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷഹീർ ദേശമംഗലം മുഖ്യപ്രഷണം നടത്തി. എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അവർക്ക് നാട്ടലെത്താനുള്ള വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സൗജന്യ ക്വാറൻ്റയിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ട്രഷറർ സത്താർ ദാരിമി അധ്യക്ഷത വഹിച്ചു. നൗഫൽ ചേലക്കര, ഷഫീഖ് കരുതക്കാട്, കെ.ഇ ഇസ്മായിൽ, മലിക് ചെറുതുരുത്തി, ഷാഹുൽ ഹമീദ് റഹ്മാനി, ത്വാഹ പഴുന്നാന, സദ്ദാം ഹുസൈൻ, അഫ്സൽ വാഫി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഅറൂഫ് വാഫി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സിറാജ് തെന്നൽ നന്ദിയും പറഞ്ഞു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിവിധ ഘട്ടങ്ങളായാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ ധർണ നടത്തിയത്.


ഫോട്ടോ : പ്രവാസികളെ കുരുതി കൊടുക്കരുതെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ ബഷീർ ഫൈസി ദേശമംഗലം ഉദ്ഘാടനം ചെയ്യുന്നു.
- SKSSF Thrissur