SMF “തര്‍ത്തീബ് 2021” ഒന്നാം ഘട്ടം ഫെബ്രുവരിയില്‍

ചേളാരി: മഹല്ലു ജമാഅത്തുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, അവ സമയബന്ധിതമായി പുതുക്കല്‍, വഖ്ഫ് വസ്തുക്കളുടെയും മറ്റു വസ്തു വഹകളുടെയും പ്രമാണങ്ങളും രേഖകളും രജിസ്റ്ററുകളും ശരിയാക്കി സൂക്ഷിക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വഖ്ഫ് ബോഡിലും സമയാസമയങ്ങളില്‍ അടവാക്കേണ്ട നികുതികളും വിഹിതങ്ങളും റിട്ടേണുകളും സംബന്ധിച്ചും മഹല്ലു ജമാഅത്തുകള്‍ക്ക് കൃത്യമായ അവബോധം നല്‍കുവാനും ഇത്തരം വിഷയങ്ങളില്‍ മഹല്ല് ഭാരവാഹികള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സങ്കീര്‍ണതകളും നിയമപ്രശ്‌നങ്ങളും നേരിട്ട് കേട്ട് അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഹല്ല് ജമാഅത്തുകളുടെ ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങള്‍ മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കുന്നതിന്നുമായി സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ മഹല്ലുകളിലും സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 85 മേഖലകളിലായി 2021 ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന “തര്‍ത്തീബ് 2021” ഒന്നാം ഘട്ട പരിശീലന പരിപാടിക്ക് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും എസ്.എം.എഫ് പ്രൊജക്ട് വിംഗ് ആര്‍.പി മാരുടെയും ശില്‍പശാല അന്തിമ രൂപം നല്‍കി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തോടനുബന്ധിച്ച് മഹല്ലുകളില്‍ വിതരണം ചെയ്യുന്ന മഹല്ല് ഗൈഡ് 2021 ന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ വെച്ച് നടക്കുകയുണ്ടായി.

ഈയിടെ അന്തരിച്ച എസ്.എം.എഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സംസ്ഥാന കമ്മിറ്റി അംഗം കാളാവ് സൈതലവി മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എ. മരക്കാര്‍ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, എസ്.കെ ഹംസ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, തോന്നക്കല്‍ ജമാല്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാലയുടെ വിവിധ സെഷനുകളില്‍ എം.സി മായിന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ അധ്യക്ഷരായി. അബ്ദു സമദ് പൂക്കോട്ടൂര്‍, ജുനൈദ് പാറപ്പള്ളി, ബശീര്‍ കല്ലേപാടം, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.


ഫോട്ടോ: എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ 'തര്‍ത്തീബ് 2021' ശില്‍പശാലയും അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- Darul Huda Islamic University