കോവിഡ് പ്രതിസന്ധി; എസ്‌. ഐ. സി. ആഗോള ആത്മീയ പ്രാർത്ഥനാ സംഗമം മെയ് 21 വ്യാഴ്ച രാത്രി 10 മണിക്ക്, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും

റിയാദ്: കോവിഡ് 19 മഹാമാരി മരണം വിതച്ച് ഭീകരത പടർത്തി കത്തിപ്പടരുമ്പോൾ പ്രാർത്ഥനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ലോകം അംഗീകരിച്ചിരിക്കുന്ന വേളയിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള ആത്മീയ, പ്രാർത്ഥനാ സദസ് സംഘടിപ്പിക്കുമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ഭാരവാഹികൾ അറിയിച്ചു. റമദാൻ 28 ന് രാത്രിയാണ് ആത്‌മീയ സംഗമം. ജിസിസി രാജ്യങ്ങളിലെ സമസ്ത പോഷക സംഘടനകളായ യുഎഇ സുന്നി കൗൺസിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ, കേരള ഇസ്‌ലാമിക് സെന്റർ ഖത്തർ, സമസ്ത ബഹ്‌റൈൻ കമ്മിറ്റി, മസ്കറ്റ് സുന്നി സെന്റർ, സലാല സുന്നി സെന്റർ, ലണ്ടൻ, തുർക്കി, മലേഷ്യ, ന്യൂസിലാൻഡ്, നൈജീരിയ, ഫ്ലോറിഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത ഇസ്‌ലാമിക്, സുന്നി സെന്ററുകളുടെ സംയുക്തതയിലാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.

ലോകത്തെ ഏതു കാര്യങ്ങൾക്കും ഉടനടി പരിഹാരം തങ്ങളുടെ അടുത്തുണ്ടെന്നു അഹങ്കരിച്ചു നടന്നവർ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ഇതിനെ പിടിച്ചു കെട്ടാൻ ഇനിയെന്താണ് പ്രതിവിധിയെന്ന ചിന്തയിലാണിന്ന് ലോകം. ഭീതി പടർത്തി മരണം താണ്ഡവമാടുമ്പോൾ മറു ഭാഗത്ത് വൈറസ് മൂലം സാമ്പത്തിക മേഖലയും ജീവിത സാഹചര്യവും വളരെ മോശമാകുന്ന അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ലോക്‌ഡൗണിൽ ഒറ്റപ്പെട്ടു നിൽക്കുന്നവർക്ക് ആശ്വാസമേകിയും പരിഹാരം തേടിയും ആഗോള ആത്മീയ സംഗമം സംഘടിപ്പിക്കുവാൻ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി തീരുമാനിച്ചത്.

റമദാൻ 28 ന് (മെയ് 21) ന് രാത്രി മക്ക സമയം പത്ത് മണി മുതൽ ആരംഭിക്കുന്ന ഗ്ലോബൽ ഖത്മുൽ ഖുർആൻ ദുആ മജ്‌ലിസിനും, നാഷണൽ എസ്ഐസി കമ്മിറ്റി നടത്തി വരുന്ന "പവിത്ര മാസം പരീക്ഷങ്ങൾക്ക് പരിഹാരം" എന്ന റമദാൻ കാമ്പയ്ൻ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന സമാപന സന്ദേശവും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് “സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ (സയ്യിദുൽ ഉലമ) നേതൃത്വം നൽകുമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പവിത്രമാസം പരീക്ഷണങ്ങൾക്ക് പരിഹാരം എന്ന വിഷയത്തിൽ സിംസാറുൽ ഹഖ് ഹുദവി, "കൂനൂ റബ്ബാനിയ്യീന വലാ തകൂനൂ റമദാനിയ്യീൻ" എന്ന വിഷയത്തിൽ പ്രവാസ ലോകത് നിന്നുള്ള സമസ്ത കേന്ദ്ര മുശാവറ അംഗം അബ്‌ദുസ്സലാം ബാഖവി വടക്കേക്കാട് എന്നിവരും സംസാരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിശ്വാസികൾക്ക് പങ്ക് കൊള്ളുവാനായി ഫേസ്‌ബുക്ക്, സും എന്നിവയിൽ ലൈവ് സംപ്രേക്ഷണവും ഉണ്ടാകും. സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജായ https://www.facebook.com/SICSaudi/live എന്നിവയിലാണ് ലൈവ് പരിപാടി നടക്കുക. അതോടൊപ്പം ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടന ഭാരവാഹികളുടെ സംയുക്ത പ്രതിനിധി സംഗമവും നടക്കും.

"പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം" എന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ഖുർആൻ മുസാബഖ 2020 യുടെ ഭാഗമായി സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി സെൻട്രൽ, നാഷണൽ തല മത്സരങ്ങൾ വിപുലമായി നടക്കുകയുണ്ടായി. നാഷണൽ വിജയികളെ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഗ്ലോബൽ സംഗമത്തിൽ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സമസ്‌ത സംഘടന ഭാരവാഹികൾ പങ്കെടുക്കുകയുണ്ടായി.
- abdulsalam