കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സമസ്ത പ്രവാസി സെല്‍ ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത പ്രവാസി സെല്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ അതിരറ്റ് സ്‌നേഹിക്കുകയും മുഴുസമയവും അതിന്റെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയും ചെയ്ത മഹാനായിരുന്നു കാളാവ് സൈദലവി മുസ്‌ലിയാര്‍. പ്രവാസ ലോകത്തും വിശിഷ്യാ നാട്ടിലും ദീര്‍ഘകാലം മത-സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനും സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുവാനും കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന എ. മരക്കാര്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും വിയോഗം സംഘടനക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി കുണ്ടൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.വി ശൈഖലി മുസ്‌ലിയാര്‍, കെ.വി ഹംസ മുസ്‌ലിയാര്‍, വി.പി.എ പൊയിലൂര്‍, എസ്.കെ ഹംസ ഹാജി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ലുഖ്മാന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിച്ചു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari