വഖഫ് ബോര്‍ഡ് ബാധ്യത നിറവേറ്റണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : മഹല്ലുകളില്‍നിന്നുള്ള 260 പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായവും 2010 പെണ്‍കുട്ടികളുടെ വിവാഹ സഹായവും ഉള്‍പ്പെടെ 3 കോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് നല്‍കുവാനുള്ള തീരുമാനം മരവിപ്പിച്ച് മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പരിധിക്കപ്പുറമുള്ള തുക നല്‍കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. മഹല്ലുകളും സ്ഥാപനങ്ങളും മറ്റും വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഉത്തരവാദിത്തമുള്ള വഖഫ് ബോര്‍ഡ് പ്രാഥമിക ബാധ്യത മറന്ന് നടത്തിയ ഈ തീരുമാനം കേവലം പ്രകടനപരതയാണെന്ന് യോഗം വിലയിരുത്തി. ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി ബോര്‍ഡിന് ലഭിച്ചിട്ടില്ലെന്ന വസ്തുത പോലും കണക്കിലെടുക്കാതെയുള്ള ഈ തീരുമാനത്തിനെതിരെ മഹല്ലുകളില്‍നിന്നും വഖഫ് സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്രതിഷേധം മുഖ്യമന്ത്രിയെയും വഖഫ് ബോര്‍ഡിനെയും അറിയിക്കാന്‍ എല്ലാ കീഴ്ഘടകങ്ങള്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി. ഈ പ്രതിഷേധത്തില്‍ പങ്കാളികളായി മഹല്ല് സ്ഥാപന ഭാരവാഹികള്‍ നിര്‍ദ്ദിഷ്ട സന്ദേശം ഇ-മെയില്‍ വഴി അയക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് 2019-20 വര്‍ഷത്തെ വഖഫ് വിഹിതം അടക്കുന്നതില്‍നിന്ന് വഖഫ് സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ എസ്. എം. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, തോന്നക്കല്‍ ജമാല്‍, എസ്. എം. എഫ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ. കെ ആലിപ്പറമ്പ്, കല്ലട്ര അബ്ബാസ് ഹാജി കാസര്‍ഗോഡ്, അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, പി. സി ഇബ്രാഹീം ഹാജി വയനാട്, വി. എ. സി കുട്ടി ഹാജി പാലക്കാട്, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, കെ. കെ. ഇബ്രാഹീം ഹാജി എറണാകുളം, നൗഷാദ് കൊടക്കാട് ആലപ്പുഴ, കെ. ബി അബ്ദുല്‍ അസീസ് ഇടുക്കി, സിറാജ് വെള്ളാപ്പിള്ളി പത്തനംതിട്ട, മഅ്മൂന്‍ ഹുദവി കോട്ടയം, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം, ഹസ്സന്‍ ആലംകോട് എന്നിവര്‍ സംബന്ധിച്ചു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് സ്വാഗതവും സെക്രട്ടറി സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION