പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഇടപെടൽ മാതൃകാപരം: ഹൈദരലി തങ്ങൾ

മലപ്പുറം: പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനയുടെ ആതുരസേവന വിഭാഗമായ സഹചാരി ഫണ്ട് ശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് നേർദിശ കാണിക്കുന്നതും അവരെ സംസ്ക്കാര സമ്പന്നരാക്കുന്നതുമായ പ്രവർത്തനങ്ങളാണ് എസ് കെ എസ് എസ് എഫ് ഇതിനകം നിർവ്വഹിച്ചത്. ഇത്തരം മാതൃകാ പ്രവർത്തനങ്ങളാണ് സംഘടനക്ക് വൻ സ്വീകാര്യത ലഭിക്കാൻ കാരണമായതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീൻ ദാരിമി പടന്ന സംബന്ധിച്ചു.

സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ചത് കണ്ണൂർ ജില്ലയിലെ പൊയിലൂർ ശാഖയാണ്. ഫണ്ട് ശേഖരണം സമയബന്ധിതമായി പൂർത്തിയാക്കിയതിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച മലപ്പുറം ഈസ്റ്റ് (ജില്ല), പെരിന്തൽമണ്ണ (മേഖല), തിരൂർക്കാട് (ക്ലസ്റ്റർ) എന്നീ ഘടകങ്ങളാണ്. നിശ്ചിത കാലയളവിന് ശേഷം ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തിയത് കോഴിക്കോട് (ജില്ലാ), കുറ്റ്യാടി (മേഖല), തൊട്ടിൽപ്പാലം (ക്ലസ്റ്റർ) എന്നിവയാണ്. വിവിധ ഘടകങ്ങളുടെ ഭാരവാഹികളാണ് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയത്.


ഫോട്ടോ അടക്കിപ്പ്: എസ് കെ എസ് എസ് എഫ് ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക് കൂടുതൽ ഫണ്ട് ശേഖരിച്ച സംഘടനാ ഘടകങ്ങൾക്കുള്ള ഉപഹാരങ്ങൾ നൽകുന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE