പ്രവാസികളുടെ തിരിച്ചുവരവ്; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വന്ദേഭാരത് മുഖേന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും തിരിച്ചുവരാന്‍ ആയിരങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരിക്കുകയാണെന്നും ആയതിന് അടിയന്ത്രിര പരിഹാരമുണ്ടാക്കി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari