റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി

ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നൽകി. കാംപയിന്റെ സംസ്ഥാന തല ഉൽഘാടനം 2020 ഒക്ടോബർ 17ന് പാണക്കാട് വെച്ച് നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.

മുന്നൊരുക്കം, വീട്ടകങ്ങളിൽ മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠനസംഗമം, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് സദസുകൾ, മദ്‌റസ തല നബിദിന പരിപാടികൾ, മദീന പാഷൻ, അയൽകൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങൾക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നൽകിയിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് കാംപയിൻ പരിപാടികൾ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.
- Samasthalayam Chelari