ഓണ്‍ലൈന്‍ പഠനത്തിന് സമസ്തയുടെ മറ്റൊരു ചരിത്രം; ആംഗ്യ ഭാഷയില്‍ സമസ്ത ഓണ്‍ലൈന്‍ മ്‌റസ പഠനം ഇന്ന് (05-09-2020) മുതല്‍

ചേളാരി: സംസാരവും കേള്‍വിയും ഇല്ലാത്തവര്‍ക്ക് ആംഗ്യഭാഷയിലുള്ള സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഇന്ന് (സെപ്തംബര്‍ 5) മുതല്‍ സംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ഇതാദ്യമായാണ് ആംഗ്യ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1,46,712 ബധിരരുണ്ടെന്നാണ് കണക്ക്. കോവിഡ്-19 പശ്ചാത്തലത്തില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നപോലെ 2020 മാര്‍ച്ച് മാസം മുതല്‍ അന്ധ-ബധിര വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. സകൂള്‍-മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനാവസരം ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിന് അവസരം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇവര്‍ക്ക് ആശ്വാസമായി എത്തിയത്. ഇന്നു മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന്റെ ഭാഗമായി ആംഗ്യഭാഷയിലുള്ള ക്ലാസുകളും സംപ്രേഷണം ചെയ്യും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്‌സ് ബുക്കിലും ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. 2020 ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഇതിനകം 15 കോടിയോളം പഠിതാക്കള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്ക്. ഓണ്‍ലൈന്‍ പഠന രംഗത്ത് ചരിത്രം സൃഷ്ടിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയതിലൂടെ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൂടി പഠനം സാധ്യമാവുന്ന വിധം ശബ്ദം നല്‍കിയാണ് ആംഗ്യ ഭാഷാ ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സ്ഥാപിച്ച സ്റ്റുഡിയോവില്‍ വെച്ചാണ് ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്യുന്നത്. ആംഗ്യ ഭാഷയിലെ ഓണ്‍ ലൈന്‍ പഠന ക്ലാസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
- Samasthalayam Chelari