അനാഥത്വത്തില്‍ നിന്നും ദാമ്പത്യത്തിന്റെ മലര്‍വാടിയിലേക്ക്...

മണ്ണാര്‍ക്കാട്: ഇശലുകളുടെ നാദമാധുരിയില്‍ കാരാകുറുശ്ശി കോരമണ്‍കടവിലെ ദാറുത്തഖ്‌വ യത്തീംഖാനയിലെ ഫാത്തിമ്മയും ജുവൈരിയയും മംഗല്യവതികളായി.

കക്കുപ്പടി പരേതനായ മാമ്പ്ര ഹമീദിന്റെ മകള്‍ ഫാത്തിമ്മയെ പില്ലൂര്‍ഡാം ബാദുഷ ബാഷയുടെ മകന്‍ അക്ബര്‍ ബാഷയും മണലടി സാലിദിന്റെ മകള്‍ ജുവൈരിയയെ സേലം ഷേക്അലിയുടെ മകന്‍ അസ്‌കര്‍ അലിയുമാണ് ജീവിതപങ്കാളികളാക്കിയത്. വിധിയും ഭാഗ്യവും കൈവിടുന്ന അനാഥകളും അഗതികളുമായ ബാലികമാരുടെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി ശനിയാഴ്ച യത്തീംഖാന മുറ്റത്തുനടന്ന നിക്കാഹ് ചടങ്ങിന് പ്രഖമുര്‍ പങ്കെടുത്തു. പ്രശസ്ത പണ്ഡിതന്‍ ശൈഖുനാ സി.കെ.എം. സാദിഖ് മുസ്‌ലിയാരുടെ സാനിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നികാഹിന് മുഖ്യ കാര്‍മികത്വംവഹിച്ചു. സി.പി. ബാപ്പു മുസ്‌ലിയാര്‍, കെ.സി. അബൂബക്കര്‍ ദാരിമി, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, മുസ്തഫ അഷറഫി കക്കുപ്പടി, കളത്തില്‍ അബ്ദുള്ള, എം.പി. ബാപ്പുഹാജി, എ. സെയ്ത്, അഡ്വ. ടി.എ. സിദ്ധിഖ്, ടി.എ. സലാം, സി. മുഹമ്മദ് ബഷീര്‍, ഇ.കെ. യൂസഫ്, എം. അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനകം 14 യുവതികള്‍ ഇവിടെ മംഗല്യവതികളായി.