കൊലപാതകമെന്ന് സി ബി ഐ നിഗമനത്തിലെത്തിച്ചേരുന്നു.....
കൊച്ചി: കാസര്‍കോട് ചെമ്പിരിക്ക മംഗലാപുരം ഖാസിയും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ ശൈഖുനാ സി.എം. അബ്ദുല്ല മൌലവി (77)യുടെ ദുരൂഹ മരണത്തില്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഡീ. എസ്പി നന്ദകുമാര്‍ നായരാണു റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് സി. ബി. ഐ. നിഗമനം. ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമത്തിലായിരുന്ന അബ്ദുല്ല മൌലവിയുടെ മൃതദേഹം ഒരു കിലോമീറ്റര്‍ ദൂരെ കടലില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ പാറക്കെട്ടിനു മുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ഊന്നുവടിയും ചെരിപ്പും ചെറിയ ടോര്‍ച്ചും കണ്ടെത്തി.വയോധികനും രോഗിയുമായ അബ്ദുല്ല മൌലവിയെപ്പോലെ ഒരാള്‍ക്ക് ഒരു കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നെത്തി സൂര്യോദയത്തിനു മുന്‍പ് ഊന്നുവടി കുത്തി ഒറ്റയ്ക്കു പാറക്കെട്ടിനു മുകളിലെത്താന്‍ കഴിയില്ലെന്നാണു പ്രാഥമിക നിഗമനം. ഫെബ്രുവരി 15നു പുലര്‍ച്ചെ 7.30നു മൌലവിയുടെ മൃതദേഹം കടപ്പുറത്തു കണ്ടതായി പഞ്ചായത്തംഗം സി.എ. അബ്ദുല്‍ മജീദാണു പൊലീസിനെ അറിയിച്ചത്. ’’പുലര്‍ച്ചെ ആറുമണിയോടെ അദ്ദേഹം കിടന്ന മുറിയില്‍ നോക്കിയപ്പോള്‍ കണ്ടില്ല. വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുനിന്നു പൂട്ടിയതായി കണ്ടു. അടുക്കള തുറന്നു പുറത്തിറങ്ങി. മുന്‍വശത്തെ ഗേറ്റിലെത്തിയപ്പോള്‍ അതും പുറത്തുനിന്നു പൂട്ടിയതായി കാണപ്പെട്ടു – ഭാര്യ ആയിഷയുടെ ഈ മൊഴി എഫ്ഐആറില്‍ പകര്‍ത്തിയിട്ടുണ്ട്. ഭാര്യയും മകളും വീട്ടിലും ഡ്രൈവര്‍ വീടിനോടു ചേര്‍ന്നുള്ള മുറിയിലും ഉണ്ടായിരുന്നെങ്കിലും അന്നു രാത്രി സംശയകരമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ല. ഭാര്യയുടെയും മക്കളുടെയും കൊലപാതകമാണെന്ന മൊഴിയും റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അബ്ദുല്ല മൌലവി രചിച്ച പുസ്തകങ്ങള്‍ ഗോളശാസ്ത്ര പഠനത്തിന് ഉപയോഗിക്കുന്നുണ്ട്. മരണത്തിനു മുന്‍പു ശരീരത്തില്‍ മുറിവേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മരിക്കുന്നതിനു മുന്‍പു മൌലവി ബലപ്രയോഗത്തിനു വിധേയനായെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.മരണത്തിനു മുന്‍പുണ്ടായ നാലു മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. കഴുത്തെല്ലിനു പൊട്ടലും ഇടതും വലതും കണ്ണിനോടു ചേര്‍ന്നു രണ്ടു മുറിവുകളുമുണ്ടായിരുന്നു. കാല്‍പ്പാദത്തിനോടു ചേര്‍ന്നു താരതമ്യേന ആഴത്തില്‍ പോറലേറ്റിരുന്നു. വെള്ളത്തില്‍ വീഴുമ്പോള്‍ ഖാസിക്കു ജീവനുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.