ഹജ്ജ് മനസ്സ് ശുദ്ധീകരിക്കാനുള്ള അവസരമാക്കണം- റഷീദലി തങ്ങള്‍

കോട്ടയ്ക്കല്‍: ഹജ്ജ് കര്‍മംചെയ്യുന്നത് മനസ്സിനെ ശുദ്ധീകരിക്കുന്നതിനുള്ള അവസരമായി കാണണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കോട്ടയ്ക്കല്‍ ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ഹജ്ജിന് പോകുന്നവര്‍ക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനവും ദുആ മജ്‌ലിസും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭൗതിക ചിന്തകള്‍ വെടിഞ്ഞ് ദൈവീകചിന്ത മനസ്സില്‍ പതിയേണ്ട അവസരമാണ് ഹജ്ജ് വേളയെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. റഹ്മത്തുള്ളഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സയ്യിദ് സി.പി.എം തങ്ങള്‍, കെ.വി. ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാബറിമസ്ജിദ് വിധി എന്തായാലും അതിന്റെപേരില്‍ സാമുദായിക അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.