മജ്മ സി.എം. ഉറൂസിന് ഉജ്വല സമാപനം

അരീക്കോട്: നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനയോടെ നാലുദിവസമായി നടന്നുവന്ന വിശ്രുത സൂഫീവര്യനും പണ്ഡിതനുമായിരുന്ന മര്‍ഹൂം: വലിയുല്ലാഹി സി.എം മടവൂര്‍ (ന:മ) യുടെ അനുസ്മരണ ഉറൂസിന്നു കാവനൂര്‍ മജ്മഅയില്‍  ഉജ്വല സമാപനം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു.
കേരളത്തിലെ മുസ്‌ലിംകള്‍ കാണിക്കുന്ന അന്യമത ബഹുമാനവും അവരുടെ മതഭൗതിക വിജ്ഞാനവും ലോകമുസ്‌ലിംകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാവനൂര്‍ മജ്മ വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. പ്രമുഖ ഇസ്ലാമിക ചരിത്രകാരന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മസ്‌കറ്റ് സുന്നി സെന്റര്‍ പ്രസിഡന്റ് ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, എന്‍.സി. മുഹമ്മദാജി കണ്ണൂര്‍, മുന്‍ എം.എല്‍.എ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കെ.ടി. തങ്ങള്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കെ.എ. മജീദ് ഫൈസി, അലിഅഷ്‌കര്‍ ബാഖവി, ബി.എസ്.കെ. തങ്ങള്‍, അബ്ദുറസാഖ് ദാരിമി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. മജ്മ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു. സമസ്ത ഖാരിഅ അബ്ദുറസാഖ് മുസ്‌ലിയാര്‍ ഖിറാഅത്ത് നടത്തി.
ഞായറാഴ്ച രാവിലെ നടന്ന വിദ്യാര്‍ഥിസമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മജ്മ ജനറല്‍ സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അല്‍ജനൂബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഇ.കെ. ജലീല്‍, മുഹമ്മദ് ഉഗ്രപുരം, ഐ.പി. ഉമ്മര്‍ വാഫി, കെ. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.
പൂര്‍വവിദ്യാര്‍ഥി സംഗമം കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. സി.എം. കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. സാഹസികസഞ്ചാരി മൊയ്തു കിഴിശ്ശേരി ക്ലാസെടുത്തു. എന്‍. മുഹമ്മദ് ഫൈസി, ഇ.കെ. മാനു മുസ്‌ലിയാര്‍, ഐ.പി.എസ്. തങ്ങള്‍ അല്‍വാഫി, പി.സി. മുഹമ്മദ് ഇബ്രാഹിം അല്‍വാഫി എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് നടന്ന മഹല്ല് നേതൃസംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മഹല്ല് ഫെഡറേഷന്‍ വര്‍ക്കിങ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പ്രബന്ധം അവതരിപ്പിച്ചു. അരീക്കോട് എസ്.ഐ എല്‍. സജന്‍ദാസ്, അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വലാത്ത് വാര്‍ഷികത്തില്‍ സ്ത്രീപുരുഷന്‍മാരും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ സംബന്ധിച്ചു. സി.എം. കുട്ടി സഖാഫി നേതൃത്വംനല്‍കി. മടവൂര്‍ സി.എം വലിയുല്ലാഹി അനുസ്മരണത്തിനും മൗലീദ് പാരായണത്തിനും സി.എം. വലിയ്യിന്റെ സഹോദരപുത്രന്‍ സി.എം. കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍ മടവൂര്‍ നേതൃത്വംനല്‍കി.