ബാബ്‌രി വിധി: സംയമനത്തിന്റെ കേരളീയ മാതൃക ഉയര്‍ത്തിപ്പിടിക്കുക: എസ്‌.കെ.എസ്‌.എസ്‌.എഫ്‌.

കോഴിക്കോട്‌: ആറു പതിറ്റാണ്ടു നീണ്ടു നിന്ന ബാബ്‌രി മസ്‌ജിദ്‌ കേസില്‍ ഇന്നത്തെ അലഹാബാദ്‌ ഹൈക്കോടതി വിധി ഏതുതരത്തിലുള്ളതാണെങ്കിലും ആത്മസംയമനം പാലിച്ച്‌ സൗഹൃദത്തിന്റെ കേരളീയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ആഹ്വാനം ചെയ്‌തു. 
ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതോടനുബന്ധിച്ച്‌ രാജ്യവ്യാപകമായ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും മഹനീയ പാതയില്‍ നിലനിന്ന്‌ കേരളം രാജ്യത്തിന്‌ മാതൃകയായത്‌ ശിഹാബ്‌ തങ്ങള്‍ അടക്കമുള്ള ദീര്‍ഘദര്‍ശികളായ നേതാക്കളുടെ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു. ആ പാരമ്പര്യം ഇനിയും തുടരണം. ആഹ്ലാദ-പ്രതിഷേധ പ്രകടനങ്ങള്‍ പാടില്ലെന്ന സമസ്‌ത നേതാക്കളുടെ ആഹ്വാനം ഏവരും ശിരസ്സാവഹിക്കണം- സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിച്ചു .