മജ്മ സി.എം. ഉറൂസ്: അനാഥകളുടെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ എത്തിയത്‌ പതിനായിരങ്ങള്‍..

അരീക്കോട്: കാവനൂര്‍ മജ്മ സി.എം. ഉറൂസിനോടനുബന്ധിച്ച് ബനാത് യതീംഖാനയില്‍ കുടുംബസംഗമം നടന്നു. യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിന്നായി രാവിലെ 8 മണിമുതല്‍ വൈകീട്ട് അഞ്ച് മണി വരെ സ്ത്രീകള്‍  ഉള്‍പ്പെടെയുള്ളവരുടെ വന്‍ പ്രവാഹമായിരുന്നു. പത്തോളം സെഷനുകളായി നടത്തിയ പ്രാര്‍ഥനയില്‍ ഒരേസമയം ആയിരത്തില്‍പരം സ്ത്രീകളാണ് പങ്കെടുത്തത്. ശനിയാഴ്ച നടന്ന പ്രാര്‍ഥനയില്‍ ആകെ പതിനായിരത്തില്‍ പരം സ്ത്രീകള്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.
മജ്മ വിമന്‍സ് കോളേജിലെയും ഓര്‍ഫനേജിലെയും അധ്യാപികമാരുടെ നേതൃത്വത്തില്‍ വിമന്‍സ് കോളേജിലെയും ആര്‍ട്‌സ് കോളേജിലേയും വിദ്യാര്‍ഥിനികള്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് സഹായവുമായി ഉണ്ടായിരുന്നു. കാമ്പസിലേക്കെത്തുന്ന പ്രായാധിക്യം ബാധിച്ച സ്ത്രീകള്‍ മുതല്‍ പിഞ്ചുകുട്ടികള്‍ വരെയുള്ളവരെആതിഥ്യമര്യാദയോടെ ഇവര്‍ സ്വീകരിച്ചിരുത്തി. യതീംഖാന സന്ദര്‍ശിക്കാനെത്തിയവര്‍ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ പലഹാരവും മറ്റും കരുതിയിരുന്നു. അന്തേവാസികളുടെ പ്രാര്‍ഥനകള്‍ക്ക് 'ആമീന്‍' പറയുമ്പോള്‍ സന്ദര്‍ശകര്‍ നിര്‍വൃതിയിലാണ്ടു.
1998ല്‍ 11 കുട്ടികളുമായി ആരംഭിച്ച യതീംഖാനയില്‍ ഇന്ന് നൂറോളം അന്തേവാസികളുണ്ട്.
രാത്രി നടന്ന 'അടര്‍ക്കളത്തിലെ ഇതിഹാസം' കഥാപ്രസംഗം അറക്കല്‍ അബ്ദുല്‍റസാഖ് ദാരിമി ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞന്‍ഹാജി അധ്യക്ഷത വഹിച്ചു. കെ.എസ്. മൗലവി കഥ അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സഭ മജ്മഅ് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ കെ.എ. റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
10 മണിക്ക് നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ട്രഷറര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
വൈകുന്നേരം മൂന്നിന് നടക്കുന്ന മഹല്ല് നേതൃസംഗമത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സദസ്സിലും സി.എം. മൗലീദ് പാരായണത്തിലും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രാത്രി നടക്കുന്ന പൊതുസമ്മേളനത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സി.എം. അനുസ്മരണ പ്രഭാഷണം നടത്തും. അന്നദാന വിതരണോദ്ഘാടനം നിര്‍മാണ്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.