ബാബര്‍ പള്ളി: സംയമനം പാലിക്കണമെന്ന്‌ പാണക്കാട്‌ ഹൈദറലി തങ്ങള്‍ ആഹ്വാനം ചെയ്തു.

മലപ്പുറം: അയോധ്യയിലെ ബബരീ മസ്ജിദ്‌ തര്‍ക്കസ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്‍റെ വിധി ഏതുതരത്തിലായിരുന്നാലും പരസ്പര സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും ആത്മസംയമനം പാലിക്കണമെന്നും പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. രാഷ്ട്രീയത്തില്‍ ഈ വിഷയം പലവിധത്തില്‍ പ്രതിഫലിച്ചപ്പോഴും കേരളം നീതിയുടെയും സൌഹാര്‍ദത്തിണ്റ്റെയും പക്ഷത്ത്‌ ഉറച്ചുനിന്നു. കോടതിയുടെ തീര്‍പ്പിനു വിടുക എന്നതാണ്‌ ഒരു ജനാധിപത്യ, മതേതര രാഷ്ട്രത്തില്‍ പ്രായോഗികവും ഭരണഘടനാപരവുമായ മാര്‍ഗം. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന ഓരോ പൌരനും കോടതിവിധി മാനിക്കാന്‍ ബാധ്യസ്ഥനാണ്‌. വിധിയെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായാണ്‌ കാണേണ്ടത്‌. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ നീതിന്യായ പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ്‌ ഈ വിധി. ആവശ്യമെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കാനും അവസരമുണ്ട്‌. വിധിയുടെ പശ്ചാത്തലത്തില്‍ ഒരു വാക്കുകൊണ്ടുപോലും ഇതര മതവിശ്വാസിയെ വേദനിപ്പിക്കാന്‍ ഇടവരുത്തരുത്‌. നാടിന്‍റെ സമാധാനാന്തരീക്ഷത്തിനു ഭംഗം വരരുത്‌. ഐക്യവും സൌഹാര്‍ദവും മതമൈത്രിയും പോറലേല്‍ക്കാതെ തുടരാന്‍ ഓരോരുത്തരും മുന്‍കയ്യെടുക്കണം. മത, രാഷ്ട്രീയ, സാമൂഹിക, ഭരണ രംഗങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമെടുക്കണമെന്നും ഹൈദരലി തങ്ങള്‍ അഭ്യര്‍ഥിച്ചു.