കാവനൂര്‍ മജ്മ സി.എം. ഉറൂസിന് പ്രൗഢോജ്വല തുടക്കം

അരീക്കോട്: കാവനൂര്‍ മജ്മ സി.എം. ഉറൂസിന് കാവനൂര്‍ റഹ്മത്ത് നഗറിലെ മജ്മ കോംപ്ലക്‌സില്‍ പ്രൗഢോജ്വലമായ തുടക്കം. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വ്യാഴാഴ്ച നാലുമണിക്ക് മജ്മ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ടി. തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങിന് തുടക്കമായത്.
          മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ശറഫുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ലത്തീഫ് ബാഖവി, തെഞ്ചേരി മാനുമുസ്‌ലിയാര്‍, നീലിയന്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 രാത്രി നടന്ന ഉദ്ഘാടനസമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മത ഭൗതിക വിദ്യാഭ്യാസങ്ങള്‍ ഒരു നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നും രണ്ടിനും പ്രാധാന്യം നല്‍കി ആര്‍ജിച്ചെടുത്താല്‍ മാത്രമേ ഐഹിക സൗഖ്യവും മാന്യതയും കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹമീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ഭൗതിക വിദ്യാഭ്യാസത്തിന് മനുഷ്യനെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ലെന്നും അതിനുള്ള തെളിവാണ് വിദ്യാസമ്പന്നര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനവും മറ്റു ദുഷ്പ്രവണതകളുമെന്നും അദ്ദേഹം പറഞ്ഞു.
          1998 മാര്‍ച്ചില്‍ പാണക്കാട് സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യുമ്പോള്‍ യതീംഖാനയില്‍ 11 കുട്ടികളും ശരീഅത്ത് കോളേജില്‍ 13 പേരുമാണ് ഉണ്ടായിരുന്നത്. ഇന്നത് യഥാക്രമം 80ഉം 150ഉം ആയി വര്‍ധിച്ചിട്ടുണ്ട്. പബ്ലിക് സ്‌കൂള്‍, ഇസ്‌ലാമിക് നഴ്‌സറി, ആര്‍ട്‌സ് കോളേജ്, ബി.എഡ് കോളേജ്, കമ്പ്യൂട്ടര്‍ പഠനകേന്ദ്രം, തൊഴില്‍ പരിശീലന കേന്ദ്രം, മസ്ജിദുല്‍ ഹിദായ, ലൈബ്രറി തുടങ്ങി റഹ്മത്ത് നഗറില്‍ ഇന്ന് ഒരു ഡസനോളം സ്ഥാപനങ്ങളുണ്ട്. ഉദ്ഘാടനവേളയില്‍ ശിഹാബ് തങ്ങള്‍ നല്‍കിയ ഉപദേശങ്ങള്‍ക്കനുസൃതമായാണ് ഇന്നും സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കെ.എ. റഹ്മാന്‍ ഫൈസി പറഞ്ഞു.
         മജ്മ ട്രഷറര്‍ എം.പി.എം ഹസന്‍ ഷരീഫ് കുരിക്കള്‍ അധ്യക്ഷതവഹിച്ചു. എന്‍. വി. മുഹമ്മദ് ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. ഇളയൂര്‍ മല്‍ജഅ യതീംഖാന ജന. സെക്രട്ടറി കെ.ടി. മുഹമ്മദലി, മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ജന. സെക്രട്ടറി ശാഹുല്‍ ഹമീദ് മേല്‍മുറി, തൃപ്പനച്ചി അല്‍ഫാറൂഖ് ജന. സെക്രട്ടറി ഒ.പി. അലി ബാപ്പു, സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് ഏറനാട് മണ്ഡലം പ്രസിഡന്റ് എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, പി.കെ. ലത്തീഫ് ഫൈസി, കാവനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സപ്ലിമെന്റ് റിയാദ് റോയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഒളവട്ടൂര്‍ അലവിക്കുട്ടിക്ക് നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി പ്രകാശനംചെയ്തു. മജ്മ ജന. സെക്രട്ടറി കെ.എ. റഹ്മാന്‍ ഫൈസി സ്വാഗതവും സെക്രട്ടറി എം.കെ. അബ്ദുറഹിമാന്‍ ചെങ്ങര നന്ദിയും പറഞ്ഞു. എം.കെ. കുര്‍ശി, കെ.എസ്. മൗലവി, ശിഹാബ് അഷ്‌റഫ് നെല്ലായ എന്നിവരുടെ 'അടര്‍ക്കളത്തിലെ ഇതിഹാസം' എന്ന കഥാപ്രസംഗവും അരങ്ങേറി.