സമസ്ത 90-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു

കോഴിക്കോട്: 2016 ഫെബ്രു. 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ നാടും നഗരവും ഒരുങ്ങുന്നു. ആദ്യമായി തെക്കന്‍ കേരളത്തില്‍ നടക്കുന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനം വലിയ താല്‍പര്യത്തോടെയാണ് സമസ്തയുടെ ഓരോ പ്രവര്‍ത്തകനും വീക്ഷിക്കുന്നത്. സമസ്തയുടെ അനുഭാവികളെന്നപോലെ പുറത്തുള്ളവരും വലിയ കൗതുകത്തോടെയാണ് ആലപ്പുഴയില്‍ നടക്കുന്ന സമസ്തയുടെ സമ്മേളനത്തെ നോക്കികാണുന്നത്. പതിനായിരത്തോളം മദ്‌റസകള്‍ക്കും ആയിരക്കണക്കിന് മറ്റു ദീനീസ്ഥാപനങ്ങള്‍ക്കും എഞ്ചിനീയറിംഗ് കോളേജും ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ വിശുദ്ധിയും സംഘശക്തിയും ലോകത്തിന് ഒരിക്കല്‍കൂടി കാണിച്ചുകൊടുക്കുന്നതാവും 90-ാം വാര്‍ഷിക മഹാസമ്മേളനം. സമ്മേളന പ്രചാരണാര്‍ത്ഥം ചുമരെഴുത്തുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് ഓരോ മഹല്ലിലും ആദര്‍ശ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. 2016 ജനുവരി 15 മുതല്‍ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്ത് നിന്നും സന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ജാഥകളും 21 ന് ആലപ്പുഴയില്‍ സംഗമിക്കും.
25000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്റെ റജിസ്റ്റ്രേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകം ബയോഡാറ്റ നല്‍കിയാണ് പ്രതിനിധികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവിധ സബ്കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. ഫെബ്രുവരി 14ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള വാഹനങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. 25 ലക്ഷം പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. വിശാലമായ ആലപ്പുഴ കടപ്പുറം ഇതിനായി സജ്ജീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുന്ന പ്രദര്‍ശനം സമ്മേളനത്തിന്റെ ആകര്‍ഷകബിന്ദുവായി മാറും.
- Samasthalayam Chelari