ദാറുല്‍ ഹുദാ സിബാഖ് '16: വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി

തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം 'സിബാഖ് '16' ന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ ദാറുല്‍ ഹുദയുടെ സഹസ്ഥാപനമായ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവിയായിരുന്നു പ്രചാരണ യാത്രയ്ക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്. 
ജനുവരി 22, 23, 24, 25 വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയിലാണ് സിബാഖ്ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ദാറുല്‍ ഹുദയുടെ ഇരുപതോളം വരുന്ന സഹസ്ഥാപനങ്ങളെ സംയുക്തമായി സംഘടിപ്പിച്ച് നടത്തുന്ന കലാമാങ്കത്തിന്റെ എലിമിനേഷന്‍ റൗണ്ടുകള്‍ വ്യത്യസ്ത കാമ്പസുകളിലായി മുമ്പ് തന്നെ സമാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് സെലക്ഷന്‍ നേടിയ മത്സരാര്‍ത്ഥികളായിരിക്കും സിബാഖ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുക. 
അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ യൂനസലി ഹുദവി സ്വാഗതമോതി. ദാറുല്‍ ഹുദാ സ്റ്റുടന്റ്‌സ് യൂണിയന്‍ സെക്രട്ടറി മിദ്‌ലാജ് കെസി വിഷയാവതരണവും മഹ്ഷൂഖ് തങ്ങള്‍ പ്രമേയ ഭാഷണവും നടത്തി. മസ്‌ലക് പ്രസിഡന്റ് റഷീദ് ആലംപാടി നന്ദി പ്രകാശനവും നടത്തി.
- malikdeenarislamic academy