ദാറുല്‍ഹുദാ സിബാഖ് കലോത്സവം; രചനാ മത്സരങ്ങള്‍ നാളെ

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് സിബാഖ് ദേശീയ കലോല്‍സവത്തിന്റെ രചന മല്‍സരങ്ങള്‍ നാളെ ഏഴ് കേന്ദ്രങ്ങളിലായി നടക്കും. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ 36 മത്സര ഇനങ്ങളിലായി അഞ്ചൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.
കേരളത്തിലെ ആറു കേന്ദ്രങ്ങളിലും ആന്ധ്രപ്രദേശിലെ പുങ്കനൂര്‍  മന്‍ഹജുല്‍ ഹുദാ അറബിക് കോളേജിലുമായി മൊത്തം ഏഴു കേന്ദ്രങ്ങളിലാണ് രചനാ മത്സരങ്ങള്‍ നടക്കുക.
കാസര്‍ഗോഡ് ജില്ലയില്‍   ഉദുമ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി, കണ്ണൂര്‍ ജില്ലയില്‍ കണ്ണാടിപ്പറമ്പ് ദാറുല്‍ഹസനാത്ത് ഇസ്‌ലാമിക് കോളേജ്, കോഴിക്കോട് കൊടുവള്ളി കെ എം ഒ അക്കാദമി,  മലപ്പുറം ജില്ലയില്‍ ദാറുല്‍ ഹുദാ കാമ്പസ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് , ദാറുല്‍ ഉലൂം  ദഅ്‌വാ കോളേജ് തൂത,എറണാകുളത്ത്  കളമശ്ശേരി  അല്‍ ഹിദായ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളാണ് രചനാ മല്‍സരങ്ങള്‍ക്ക് വേദിയാവുന്നത്. കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെ 22 മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.

സിബാഖ് കലോത്സവം: പന്തലിനു കാല്‍ നാട്ടി


ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് വേദിയാക്കുന്ന വാഴ്‌സിറ്റി കാമ്പസില്‍ കലോത്സവ പന്തലിനു കാല്‍നാട്ടി. നാലു പ്രധാന വേദികളടക്കം മൊത്തം എട്ടു വേദികളാണ് ദേശീയ കലോത്സവത്തിനായി വാഴ്‌സിറ്റി കാമ്പസില്‍ ഒരുക്കുന്നത്.
ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കാല്‍നാട്ടല്‍ കര്‍മം നിര്‍വഹിച്ചു. ഹംസ ഹാജി മൂന്നിയൂര്‍, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, എം.കെ ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം, കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, ഹംസ ഹുദവി ഊരകം തുടങ്ങിയവര്‍ സംബന്ധിച്ചു.