ദാറുല്‍ഹുദാ സിബാഖ് കലോത്സവം; വടക്കന്‍ കേരളത്തില്‍ ഇന്ന് (ശനി) ആരവമുയരും

മലപ്പുറം: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല അന്തര്‍ കലാലയ കലാ മാമാങ്കമായ സിബാഖ്-2016 ദേശീയ കലോത്സവത്തിന്റെ ബിദായ, ഊലാ, ഥാനിയ (സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) വിഭാഗങ്ങളുടെ ആദ്യഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് വടക്കന്‍ കേരളത്തില്‍ കൊടിയുയരും. 
ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ ഥാനിയ (സീനിയര്‍) വിഭാഗത്തിനും തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍  ഊല (ജൂനിയര്‍) വിഭാഗത്തിനും കണ്ണൂരിന്റെ സര്‍ഗ്ഗവസന്തമൊഴുകുന്ന തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയില്‍ ബിദായ (സബ് ജൂനിയര്‍) വിഭാഗത്തിനും വേദിയാവും. 
വടക്കന്‍ കേരളത്തിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലും  ഇന്ന് മുതല്‍ സിബാഖിന്റെ ആവേശാരവം മുഴങ്ങും. ഇരുപത്തൊന്നോളം സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍ഗ്ഗ പ്രതിഭകള്‍ അണിനിരക്കുന്ന വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍ക്കായി ഇനി രണ്ട് നാള്‍ കാസറഗോഡും കണ്ണൂരും സാക്ഷിയാവും.
കാസര്‍ഗോഡ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടക്കുന്ന ഥാനിയ മത്സരങ്ങളുടെ ഉദ്ഘാടനം  ജില്ലാ കളക്ടര്‍ പി.എസ് സഗീര്‍ ഉദ്ഘാടനം ചെയ്യും. എം.ഐ സി.പ്രസിഡണ്ട് ഖാസി ത്വഖാ അഹ്മദ് മുസ്‌ലിയാര്‍ അദ്ധ്യക്ഷനാവും. ജനറല്‍ സെക്രട്ടറി യു എം അബ്ദുറഹ്മാന്‍ മുസ്യാര്‍ പതാക  ഉയര്‍ത്തും.
തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  യഹ്‌യ തളങ്കര പതാക ഉയര്‍ത്തും. 
കണ്ണൂര്‍ ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി മോഹനന്‍ മുഖ്യാതിഥിയായിരിക്കും.
- Darul Huda Islamic University