സമസ്ത 90 ആം വാർഷികം; ജനസഞ്ചയം സാക്ഷി: സന്ദേശയാത്രകള്‍ സമാപിച്ചു

ആലപ്പുഴ: കേരളത്തിന്റെ ഇരുദിക്കുകളില്‍ നിന്നും സത്യത്തിന്റേയും വിശുദ്ധിയുടേയും ഊര്‍ജ്ജപ്രവാഹമായി വന്ന സമസ്ത സന്ദേശയാത്ര ആലപ്പുഴയുടെ ചരിത്ര ഭൂമികയില്‍ ഐതിഹാസികമായി സമാപിച്ചു. കേരളീയ മുസ്്‌ലിം കൈരളിയുടെ പൈതൃകവാഹിയായ സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ അമരധ്വനിയുയര്‍ത്തി സെക്രട്ടറിമാരായ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരും പ്രൊ.കെ ആലിക്കുട്ടി മുസ്്‌ലിയാരും നയിച്ച പ്രചാരണമാണ് സമ്മേളനം നടക്കുന്ന ആലപ്പുഴയിലെ ഹൃദയഭാഗത്തുള്ള ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച കര്‍ണാടകയിലെ മംഗലാപുരത്തു നിന്ന് ആരംഭിച്ച ഉത്തരമേഖലാ സന്ദേശയാത്രയും തമിഴ്‌നാട്ടിലെ കൊളച്ചലില്‍ നിന്നും ആരംഭിച്ച ദക്ഷിണ സന്ദേശയാത്രയും ആണ് വരക്കല്‍ നഗറില്‍ സമാപിച്ചത്. എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധഭടന്മാരായ വിഖായ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ കേരളം ചുറ്റി ആലപ്പുഴയിലെത്തിയത്.
ഇരു ജാഥകളും വൈകിട്ട് ഏഴുമണിയോടെ ചേര്‍ത്തലയില്‍ സംഗമിച്ച നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് ആലപ്പുഴയിലേക്ക് ആനയിച്ചത്. ജാഥാ നായകരായ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരെയും കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെയും ഉപനായകന്മാരേയും തുറന്ന വാഹനത്തിലാണ് ചേര്‍ത്തല മുതല്‍ സ്വീകരിച്ചാനയിച്ചത്. കിലോമീറ്ററുകളോളം പിന്നിട്ട സ്വീകരണ ജാഥക്ക് വഴി നീളെ രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. സമസ്ത വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്്‌ലിയാര്‍ അധ്യക്ഷനായി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണവും അഹ്്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ സമാപന പ്രഭാഷണവും നിര്‍വഹിച്ചു. സി.മുഹമ്മദ് അല്‍ഖാസിമി, മന്നാര്‍ ഇസ്മാഈല്‍ കുഞ്ഞു ഹാജി, എ.എം.നസീര്‍ പ്രസംഗിച്ചു. എം.എ. അബ്ദുറഹ്്മാന്‍ അല്‍ ഖാസിമി സ്വാഗതവും പി.എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍ നന്ദിയും പറഞ്ഞു. കൂടുതൽ സമ്മേളന വിശേഷങ്ങൾക്ക് സന്ദർശിക്കുക: http://samasthaconference.com/index.php