അസഹിഷ്ണുതയുടെ കാലത്ത് മാധ്യമങ്ങള്‍ സമാധാനത്തിന്റെ പക്ഷം ചേരണം: മധ്യമ സെമിനാര്‍

പെരിന്തല്‍മണ്ണ: അസഹിഷ്ണുതയുടെ കാലത്ത് മാധ്യമങ്ങള്‍ സമാധാനത്തിന്റെ പക്ഷം ചേരണമെന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച നടന്ന സമാധാന സമ്മേളനം ആഹ്വാനം ചെയ്തു. 
കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ സമാധാനത്തിന്റെ വക്താക്കളാകണമെന്ന് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ സമാധാനം നിലനിര്‍ത്താന്‍ പക്വമായ സമീപനം സ്വീകരിക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ സമാധാനത്തിനാണ് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. അതേ സമയം ബ്രേകിംഗ് ന്യൂസുകള്‍ക്കു വേണ്ടി ശരിയാണോ എന്ന് നോക്കാതെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണമേര്‍പ്പെടുണം. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ ഭരണഘടന വിഭാവനം ചെയ്ത മതേതര മൂല്യങ്ങള്‍ ചവിട്ടി മെതിക്കുന്ന അവസ്ഥ നടക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷ വഹിച്ചു. അസഹിഷ്ണുതയുടെ കാലത്ത് മനസുകള്‍ വിപുലീകരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകണം. അതില്‍ മാധ്യമങ്ങള്‍ മാത്രമല്ല മതങ്ങളും സമുദായ സംഘടനകളും ശ്രമിക്കണമെന്നും സമാധാനവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു. 
സമൂഹത്തെ പരസ്പരം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന മാധ്യമ സമീപനങ്ങള്‍ സമാധാനത്തിന് എതിരാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനം ഇന്ന് നടന്ന് വരുന്നുണ്ട്. സമൂഹത്തിന്റെ പൂര്‍വ്വകാല പാരമ്പര്യം മാധ്യമങ്ങള്‍ മനസിലാക്കണം. കുപ്രചരണങ്ങള്‍ പ്രചരിപ്പിച്ച് വിഭാഗീയതയും സംഘര്‍ഷവും ആളിക്കത്തിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്നും തുടര്‍ന്ന് സംസാരിച്ച എന്‍. പി ചെക്കുട്ടി പറഞ്ഞു. 
അജണ്ടകള്‍ മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇതിനെതിരെ ജനങ്ങളുടെ സമാന്തര ഇടപെടലുകള്‍ വഴി പത്ര പ്രവര്‍ത്തനത്തെ നേര്‍ വഴിയാക്കാന്‍ കഴിയുമെന്ന് കെ. എം ഷാജി എം. എല്‍. എ, പറഞ്ഞു. 
സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് എ. സജീവന്‍, പറഞ്ഞു. 
മാധ്യമങ്ങള്‍ പ്രകോപനങ്ങളില്‍ കക്ഷി ചേരുമ്പോള്‍ സമൂഹത്തില്‍ ഐക്യവും സമാധാനവും തകരുമെന്ന് സി. പി സൈതലവി പറഞ്ഞു. സിദ്ദീഖ് ഫൈസി വാളക്കുളം, സുബൈര്‍ ഹുദവി ചേകന്നൂര്‍, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍, അബ്ദുല്ല മാസ്റ്റര്‍ പട്ടാമ്പി സംസാരിച്ചു. 
- Secretary Jamia Nooriya