ചേളാരി: നഴ്‌സറി വിദ്യാഭ്യാസത്തിന് പുതിയ മുഖം നല്‍കി ആധുനിക സംവിധാനത്തോടെ ഇസ്‌ലാമിക് പ്രീസ്‌കൂളുകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സിമിതി യോഗം തീരുമാനിച്ചു. 'അല്‍ബിര്‍റ്' എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. അടുത്ത അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ തുടങ്ങും. അക്കാദമിക് വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ നിരവധി ശില്‍പശാലകളിലൂടെ രൂപപ്പെടുത്തിയ ശിശു സൗഹൃദ കരിക്കുലവും പാഠപുസ്തകങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് വിശുദ്ധ ഖുര്‍ആനിലെ നിശ്ചിത സൂറത്തുകള്‍ ഹൃദ്യസ്ഥമാക്കാനും നിത്യജീവിതത്തില്‍ പാലിക്കേണ്ട ഇസ്ലാമിക പാഠങ്ങള്‍ ശീലിക്കാനും ഉതകുന്ന വിധത്തിലാണ് കരിക്കുലം ആവിഷ്‌കരിച്ചിട്ടുള്ളത്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും ശിശുസൗഹൃദ പ്ലേഗ്രൗണ്ടും മറ്റു സൗകര്യങ്ങളും ഉറപ്പാക്കും. അക്കാദമിക് വിദഗ്ദര്‍ ഉള്‍പ്പെട്ട പരിശോധന ടീം സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും അംഗീകാരം നല്‍കുക. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ പ്രഖ്യാപനവും തുടര്‍ന്നു അല്‍ബിര്‍റിന്റെ ലോഞ്ചിംഗും നടക്കും. 2016 മാര്‍ച്ചില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. മദ്‌റസ സംവിധാനത്തിന് ലോക മാതൃകയായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ രംഗത്തെ മുന്നേറ്റം മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ്.
- SKIMVBoardSamasthalayam Chelari