സമസ്ത 90-ാം വാര്‍ഷികം; സന്ദേശയാത്ര നായകര്‍ക്ക് ഹൈദരലി തങ്ങള്‍ പതാക കൈമാറും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിച്ച സമസ്ത സന്ദേശയാത്രാ നായകര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. 14ന് രാവിലെ 8 മണിക്ക് പാണക്കാട് നടക്കുന്ന ചടങ്ങില്‍വെച്ച് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരും പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരും സമസ്തയുടെ ത്രിവര്‍ണ പതാക തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. 15ന് വൈകു: 4 മണിക്ക് ഉത്തരമേഖല ജാഥ മംഗളൂരുവില്‍ വെച്ചും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വെച്ചും ആരംഭിക്കും.
16ന് രാവിലെ മുതല്‍ പ്രയാണമാരംഭിക്കുന്ന ഇരുജാഥകളും 21ന് ആലപ്പുഴയില്‍ ഒന്നിച്ച് സംഗമിച്ച് സമാപിക്കും. ഇരുജാഥകള്‍ക്കും ജില്ലകളില്‍ വന്‍ സ്വീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 90 വിഖായ അംഗങ്ങളും ആമില സംഘങ്ങളും യാത്രയെ അനുഗമിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
''സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയം വിശദീകരിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച പ്രാസംഗികര്‍ ജാഥയോടൊപ്പം അണിനിരക്കും. സ്വീകരണ കേന്ദ്രങ്ങളിലെ പരിധിയില്‍പെട്ട മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ജാഥാനായകര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. സന്ദേശയാത്ര വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari