ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവം; യോഗ്യതാ മത്സരങ്ങള്‍ക്ക് സമാപ്തി, ഗ്രാന്റ് ഫിനാലെ 22 മുതല്‍

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് സിബാഖ് 2016 ദേശീയ കലോത്സവത്തിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി.
മുസ്‌ലിം പൈതൃകത്തിന്റെ പ്രൗഢിയും പ്രതാപവും ഉറങ്ങിക്കിടക്കുന്ന വടക്കന്‍ കേരളത്തിലെ കണ്ണൂര്‍ തലശ്ശേരി ദാറുസ്സലാം അക്കാദമി, കാസര്‍ഗോഡ് തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി, ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നിവടങ്ങളിലായി നടന്ന ബിദായ ഊല ഥാനിയ്യ (സബ് ജൂനിയര്‍, ജൂനിയര്‍, സീനയര്‍) വിഭാഗങ്ങളുടെ യോഗ്യതാ മത്സരങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീലയായത്. നേരത്തെ വലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ഥാനവ്വിയ (സീനിയര്‍ സെക്കണ്ടറി) വിഭാഗത്തിന്റെ യോഗ്യതാ മത്സരങ്ങളും നടന്നിരുന്നു.
109 മത്സര ഇനങ്ങളില്‍ നിന്നായി ആയിരത്തിയഞ്ചൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും.
തളങ്കര മാലിക് ദീനാര്‍ അക്കാദമയില്‍ നടന്ന മത്സരങ്ങളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ പി.എസ് സഗീര്‍, മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി, യഹ്‌യ തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേറൂര് തുടങ്ങിയവര്‍ സംസാരിച്ചു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന സമാപന പരിപാടിയില്‍ യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, സ്വലാഹുദ്ദീന്‍ ഹുദവി പറമ്പില്‍ പീടിക സംസാരിച്ചു. തലശ്ശേരി ദാറുസ്സലാം അക്കാദമിയില്‍ നടന്ന സമാപന പരിപാടിയില്‍ എ.പി മുസ്ഥഫ ഹുദവി അരൂര്‍, എം. ഫൈസല്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. കെ.എ ലത്വീഫ്, പ്രിന്‍സിപ്പാള്‍ കബീര്‍ ഹുദവി സംസാരിച്ചു.

മുനാളറ പ്രാഥമിക മത്സരങ്ങള്‍ സമാപിച്ചു


ദാറുല്‍ ഹുദാ സിബാഖ് ദേശീയ കലോത്സവത്തിന്റെ പ്രധാന ഇനങ്ങളിലൊന്നായ മുനാളറ അറബിക് ഡിബേറ്റിന്റെ പ്രാഥമിക റൗണ്ടുകള്‍ സമാപിച്ചു. 
ആലിയ (സൂപ്പര്‍ സീനിയര്‍) വിഭാഗത്തിന്റെ മത്സരയിനമായ മുനാളറയില്‍ വിവിധ ജില്ലകളില്‍ നിന്നായി പന്ത്രണ്ടു സ്ഥാപനങ്ങളാണ് മത്സരിച്ചത്.
അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലകളിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറെ പ്രസിദ്ധി നേടിയ മത്സരങ്ങളിലൊന്നാണ് മുനാളറ. മലേഷ്യ, ഖത്തര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രാജ്യാന്തര മത്സരങ്ങളിലും വിവിധ സര്‍വകലാശലാകളുടെ അന്താരാഷ്ട്ര പരിപാടികളിലുമൊക്കെ മുനാളറ പ്രത്യേകം ഇടം പിടിച്ചിട്ടുണ്ട്. 
ദാറുല്‍ ഹുദാ സിബാഖ് കലോത്സവത്തില്‍ ഇതാദ്യമായാണ് മുനാളറ സ്ഥാനം പിടിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ നിന്നും ദാറുല്‍ഹുദാ യു.ജി കാമ്പസ് ചെമ്മാട്, സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പറപ്പൂര്‍, മാലിക് ദീനാര്‍ അക്കാദമി തളങ്കര, ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് വല്ലപ്പുഴ എന്നീ സ്ഥാപനങ്ങള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി.
- Darul Huda Islamic University