സിബാഖ് കലോത്സവം; ഥാനവിയ്യ ഇന്നവസാനിക്കും; മറ്റിനങ്ങള്‍ 9 മുതല്‍

വല്ലപ്പുഴ: ദാറുല്‍ ഹുദാ ഇസ്‌ലാമിക്  സര്‍വകലാശാലയുടെ നാലാമത് ദേശീയ കലോത്സവം സിബാഖ്  '16 ലെ  സീനിയര്‍ സെക്കണ്ടറി വിഭാഗം ഥാനവ്വിയയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ക്ക്  ഇന്ന് കൊടിയിറങ്ങും. 
രണ്ട് ദിവസങ്ങളിലായി വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന  പ്രാഥമിക ഘട്ട മത്സരങ്ങളില്‍ ദാറുല്‍ഹുദായുടെ ഇരുപതോളം സഹ സ്ഥാപനങ്ങളില്‍ നിന്നായി നാന്നൂറിലധികം മത്സരാര്‍ത്ഥികളാണ്  മാറ്റുരച്ചത്.   ഭാഷാ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ആദ്യ ദിനം നാലു വേദികളിലായിട്ടാണ് മത്സര പരിപാടികള്‍ നടന്നത്. ഓരോ മത്സരങ്ങളിലും മികവുപുലര്‍ത്തുന്ന ആറു പേര്‍ക്കാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.
ബിദായ, ഊലാ, ഥാനിയ്യ (സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍) എന്നീ വിഭാഗങ്ങളുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ 9,10  തിയതികളില്‍ നടക്കും. കണ്ണൂര്‍ ജില്ലയിലെ ദാറുസ്സലാം അക്കാദമി തലശ്ശേരി, കാസര്‍ഗോഡ് ജില്ലയിലെ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി, മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ എന്നീ സ്ഥാപനങ്ങള്‍ വേദിയാവും. തളങ്കരയില്‍ കാസറഗോഡ് മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി  അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി മോഹനന്‍ മുഖ്യാതിഥിയായിരിക്കും. മുഴുവന്‍ കേന്ദ്രങ്ങളിലും സിബാഖ് കലോത്സവത്തിന്റെ വിളംബര റാലിയും നടക്കും.
വിവിധ വിഭാഗങ്ങളിലെ പ്രാഥമിക മത്സരത്തില്‍ നിന്നു യോഗത്യ നേടിയവര്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരക്കും. ഇതര സംസ്ഥാനങ്ങളിലെ ദാറുല്‍ഹുദാ ഓഫ് കാമ്പസുകളിലെയും യു.ജി കോളേജുകളിലെയും മത്സരാര്‍ത്ഥികളും മത്സരിക്കുന്ന സിബാഖ് ദേശീയ കലോത്സവം 22 മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- Darul Huda Islamic University