മദ്‌റസ ശാക്തീകരണ ക്യാമ്പയിന്‍ സമാപനവും അവാര്‍ഡ് ദാനവും ആഗസ്ത് 2ന്

ചേളാരി: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിച്ച മദ്‌റസ ശാക്തീകരണ ക്യാമ്പയിന്റെ സമാപനവും മദ്‌റസ പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം കൈവരിച്ച സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡ് ദാനവും ആഗസ്ത് രണ്ട് ഞായറാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.ഐ.എം.വി.ബി. പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അവാര്‍ഡ് ദാനവും, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മെമന്റോ വിതരണവും, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഷീല്‍ഡ് വിതരണവും നടത്തും. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അനുമോദനപത്രം സമര്‍പ്പിക്കും. ആള്‍ ഇന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. 
തുടര്‍ന്നു നടക്കുന്ന സെമിനാര്‍ എസ്.കെ.ഐ.എം.വി.ബി.് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ 'മദ്‌റസ വിദ്യാഭ്യാസം പ്രതീക്ഷകള്‍; പ്രതിസന്ധികള്‍'  എന്ന വിഷയം അവതരിപ്പിക്കും. കെ. ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
- SKIMVBoardSamasthalayam Chelari