നിലവിളക്ക്; നിസാരവത്കരിക്കാനുള്ള പ്രവണത ശരിയല്ല : സുന്നീ നേതാക്കള്‍

കോഴിക്കോട് : ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങള്‍ക്ക് നിരക്കാത്ത ആചാരങ്ങള്‍ പൊതുപ്രവര്‍ത്തനത്തിന്റെയും മതേതര സങ്കല്പങ്ങളുടേയും മറപിടിച്ച് നിസാരവത്കരിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം ഗുരുതരമായ പ്രവണതയാണന്ന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജന.സെക്രട്ടറി മുസ്ഥഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
നിലവിളക്ക് കത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ പുതിയതല്ല. എന്നാല്‍ കേരളത്തിലെ മുസ്‌ലിം സാമുദായിക നേതാക്കള്‍ ഉള്‍പ്പടെ എല്ലാവരും അതിനെ വിശ്വാസത്തിന് വിരുദ്ധമായി കണ്ടവരാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും, സി.എച്ച്. മുഹമ്മദ് കോയാസാഹിബുമെല്ലാം ഭരണരംഗത്തും രാഷ്ടീയ രംഗത്തും തങ്ങളുടെ വിശ്വാസത്തിന് നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യുകയോ അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ശരീഅത്ത് വിവാദക്കാലത്ത് മത നിയമങ്ങളുടെ സംരക്ഷണത്തിന് വേണ്ടി വാദിക്കാന്‍ സമുദായ രാഷ്ടീയ നേതൃതം കാണിച്ച ഇച്ചാ ശക്തി ശ്രദ്ദേയവും അഭിമാനകരവുമാണ്. ഞങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നവരും കത്തിക്കാത്തവരും ഉണ്ടന്ന് കഴിഞ്ഞ ദിവസം അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. നിയമസഭയില്‍ പ്രസംഗിച്ചതിലൂടെ ഈ ഗൗരവമേറിയ വിഷയത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. വിവാഹപ്രായ വിവാദമുണ്ടായപ്പോഴും ഉത്തരവാദപ്പെട്ട ചില യുവനേതാക്കള്‍ ശരീഅത്ത് വിരുദ്ധ നിലപാട് സ്വീകരിച്ചത് ഇതിനോട് ചേര്‍ത്ത്‌വായിക്കാവുന്നതാണ്. മതവിശ്വാസികളെ വെല്ലുവിളിച്ച് കൊണ്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതബോധമുള്ള പൊതു പ്രവര്‍ത്തകര്‍ അംഗീകരിക്കുകയില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുന്ന വ്യക്തികളെ സമുദായം തിരിച്ചറിയുമെന്നും അവര്‍ പറഞ്ഞു.
- SKSSF STATE COMMITTEE