മുസ്‌ലിം ശാക്തീകരണത്തിന് വിദ്യാഭ്യാസ മുന്നേറ്റമാണ് പരിഹാരം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി


തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുസ്ത്വഫ ഹുദവി ആക്കോടിന്റെ രണ്ടാമത് റമദാന്‍ പ്രാഭാഷണ പരമ്പരക്ക് ഹിദായ നഗരിയില്‍ ഉജ്ജ്വല സമാപ്തി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാവണമെങ്കില്‍ സാമൂഹിക ജാഗരണവും വിദ്യാഭ്യാസ മുന്നേറ്റവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നടപ്പിലാക്കിയ  മദ്‌റസാ സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ അടിക്കല്ലായി വര്‍ത്തിച്ചതെന്നും ഇത്തരം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ രാജ്യത്തെ മുസ്‌ലിം വളര്‍ച്ചക്ക് പരിഹാരമുണ്ടാകൂയെന്നും തങ്ങള്‍ പറഞ്ഞു. ഹാദിയക്ക് കീഴില്‍ ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ഇതര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മദ്‌റസാ സംവിധാനങ്ങളും പ്രശംസനീയമാണെന്നും വിശുദ്ധ റമദാനില്‍  ആത്മീയ വീണ്ടെടുപ്പിനും വിജ്ഞാന സമ്പാദനത്തിനും വിശ്വാസികള്‍ തയ്യാറാവണമെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.
ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഇന്നലെ നടന്ന പ്രഭാഷണത്തിന്റെ സി.ഡി ഹൈദരലി ശിഹാബ് തങ്ങള്‍ കോയമോന്‍ കുന്നത്ത് പറമ്പിന് നല്‍കി പ്രകാശനം ചെയ്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.കെ എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ,സി മുഹമ്മദ് ബാഖവി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം സംസാരിച്ചു.  പലിശ:അക്കൗണ്ടില്‍  ബാക്കിയാകുന്നതെന്ത്?. വിഷയത്തിലായിരിന്നു ഇന്നലെ മുസ്ഥത്വഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. തുടര്‍ന്ന് നടന്ന സമാപന ദുആക്ക് പ്രമുഖ സൂഫിവര്യന്‍ ശൈഖുനാ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
- Darul Huda Islamic University